കൊടുംചൂടിലും തളരാതെ സ്ഥാനാർഥികൾ
text_fields1. യു.ഡി.എഫ് സ്ഥാനാർഥി വിഷ്ണു മോഹന്‍റെ വടക്കേവിള മണ്ഡലം സ്വീകരണ സമാപനം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യുന്നു 2. എൽ.ഡി.എഫ് സ്ഥാനാർഥിഎം. നൗഷാദിന് കിളികൊല്ലൂർ ഭാഗത്ത് നൽകിയ സ്വീകരണം
ഇരവിപുരം: ഇരവിപുരം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം. നൗഷാദിന് കിളികൊല്ലൂർ കല്ലുംതാഴം മേഖലകളിലായിരുന്നു തിങ്കളാഴ്ച സ്വീകരണ പരിപാടി. രാവിലെതന്നെ അയത്തിൽ ജങ്ഷനിൽ നൗഷാദിന് സ്വീകരണം നൽകാൻ നൂറോളം പേർ കാത്തുനിന്നിരുന്നു. ഇരവിപുരത്തിന്‍റെ വികസന നായകൻ ഇതാ കടന്നുവരുന്നു എന്ന അനൗൺസ്മെൻറ് വാഹനം എത്തിയതോടെ കാത്തുനിന്നവർ ഉഷാറായി. തൊട്ടു പിന്നാലെ സ്ഥാനാർഥി എത്തി.
കശുവണ്ടി തൊഴിലാളികളുടെയും അമ്മമാരുടെയും പ്രവർത്തകരുടെയും സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇനി ഇരവിപുരത്ത് എവിടെയാണ് വികസനമില്ലാത്തതെന്ന് പ്രവർത്തകരോട് നൗഷാദിന്‍റെ ചോദ്യം. പ്രവർത്തകരുടെ കൈയടി ഏറ്റുവാങ്ങിയ ശേഷം അടുത്ത സ്വീകരണ സ്ഥലമായ മാലിക്കരയിലേക്ക്. അവിടെയും ആൾക്കാർ കൂടി നിൽക്കുന്നുണ്ടായിരുന്നു. വികസന വീഥിയിൽ വെയിലേറ്റു വാടാത്ത ചരിത്രമെഴുതിയ ഇരവിപുരത്തിന്റെ നായകനെ കാണാനും വിശേഷങ്ങൾ പങ്കുവെച്ചു തെരഞ്ഞെടുപ്പ് വിജയം ആശംസിക്കാനും കത്തുന്ന വെയിലിനെ അവഗണിച്ചുകൊണ്ട് ആയിരങ്ങളാണ് വഴിയരികിൽ കാത്തുനിന്നത്. പൂക്കളും പൂമാലകളും അഭിവാദ്യങ്ങളുമായി നാട്ടിടവഴികളിൽ കാത്തുനിന്നവർക്കെല്ലാം ജീവിതത്തിൽ നേരിട്ടറിഞ്ഞ വികസന വിപ്ലവത്തിന്റെ കഥകൾ പറയാനുണ്ടായിരുന്നു.
രാമാനുജവിലാസം, കട്ടവിള, ഈപ്പുര, അയത്തിൽ, മാലിക്കര, കുഴിക്കണ്ടം ഇലവന്തി മംഗലശ്ശേരിയിൽ പനയ്ക്കൽ കുഴിക്കോണം ചേരിയിൽ മുക്ക് കുന്നിമേൽ, വെട്ടോലിൽ, രണ്ടാംകുറ്റി, കൊപ്പാറ മുക്ക്, പറമ്പിൽ മുക്ക്, മണ്ണാമല പുന്നേത്ത് ജങ്ഷൻ, ചാമ്പക്കുളം, കൊച്ചുകുളം, കണിച്ചുകുളം എന്നീമേഖലകളിലായിരുന്നു സ്വീകരണം.
യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വിഷ്ണു മോഹന് വടക്കേവിള മണ്ഡലത്തിലായിരുന്നു സ്വീകരണ പരിപാടി. അമ്മൻനട ജങ്ഷനിലായിരുന്നു ആദ്യ സ്വീകരണം. രാവിലെ എട്ടിനുതന്നെ സ്ഥാനാർഥിയെ സ്വീകരിക്കാൻ യു.ഡി.എഫ് പ്രവർത്തകർ ഇവിടെ തടിച്ചുകൂടിയിരുന്നു. കൈകളിൽ മൂവർണ മാലകളും ഷാളുകളുമായിട്ടായിരുന്നു പ്രവർത്തകർ കാത്തുനിന്നത്. ക്ഷേത്രങ്ങളിൽ ദർശനം നടത്തിയ ശേഷം എട്ടരയോടെ സ്ഥാനാർഥി എത്തിയപ്പോൾ വിജയമുദ്രാവാക്യങ്ങളുമായി പ്രവർത്തകർ വരവേറ്റു. തുടർന്ന് സ്വീകരണം ഏറ്റുവാങ്ങിയ ശേഷം പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയ പദ്ധതികളെക്കുറിച്ച് വിഷ്ണുവിന്‍റെ വിശദീകരണം.
രാവിലെ ഒമ്പതിന് അമ്മൻനട ജങ്ഷനിൽനിന്ന് സ്വീകരണം ആരംഭിച്ചു. മണ്ഡലം ചെയർമാൻ എ. ഫസലുദ്ദീന്‍റെ അധ്യക്ഷതയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. ശിവരാജൻ വടക്കേവിള സ്വാഗതം പറഞ്ഞു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ അൻസർ അസീസ്, വാളത്തുംഗൽ രാജഗോപാൽ, ജി. ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ് പാലത്തറ രാജീവ്, മുൻമന്ത്രി ബാബു ദിവാകരൻ, ആർ.എസ്.പി ജില്ല കമ്മിറ്റിയംഗം എൻ. നൗഷാദ്, കൗൺസിലർമാരായ ഡി. കൃഷ്ണകുമാർ, ഷൈമ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിലെ സ്വീകരണശേഷം മാടൻനടയിൽ നടന്ന സമാപന സമ്മേളനം കൊല്ലം കോർപറേഷൻ മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്തു.
പൊരിവെയിലിലും ആവേശം ചോരാതെയായിരുന്നു എൻ.ഡി.എയ്ക്കുവേണ്ടി മത്സരിക്കുന്ന ബി.ഡി.ജെ എസ് സ്ഥാനാർഥി സജി ഡി. ആനന്ദിന്‍റെ പ്രവർത്തനം. സജിയെ കാണാന്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്നവര്‍ ഓരോ കേന്ദ്രങ്ങളിലും തടിച്ചുകൂടി. നിശ്ചിത സ്വീകരണ കേന്ദ്രങ്ങളില്‍ മാത്രമല്ല, വഴിയോരങ്ങളില്‍ കാത്തുനിന്ന വയോധികര്‍ക്കും വീട്ടമ്മമാര്‍ക്കും മുമ്പാകെ സ്ഥാനാർഥി നേരിട്ടെത്തി വോട്ടഭ്യർഥിച്ചു.
തെക്കേവിള, എസ്.എം.പി കോളനി എന്നിവിടങ്ങളില്‍ ഗൃഹസന്ദര്‍ശനവും നടത്തി. പരമാവധി വോട്ടർമാരെ നേരില്‍ കണ്ടാണ് അദ്ദേഹം മടങ്ങിയത്. വൈകീട്ട് മയ്യനാട്, പന്നിമണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാഹന പ്രചാരണ യാത്രയിലും സ്ഥാനാർഥി പങ്കെടുത്തു.
പൂക്കളും പുഞ്ചിരിയുമായി സ്ഥാനാർഥിയെ വരവേല്‍ക്കാന്‍ നിരവധിപേര്‍ വഴിയോരങ്ങളില്‍ കാത്തുനിന്നു. തുറന്ന വാഹനത്തില്‍ എത്തിയ സ്ഥാനാർഥിയെ മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. വഴിനീളെ പൂക്കള്‍ നല്‍കിയും ഷാളുകള്‍ അണിയിച്ചും ജനങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർഥിയോട് സ്‌നേഹം പ്രകടിപ്പിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികള്‍ ചൂണ്ടിക്കാണിച്ചും മണ്ഡലത്തില്‍ മാറ്റം വരേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുമായിരുന്നു സ്ഥാനാർഥിയുടെ പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

