കൊട്ടിയം എസ്.എൻ പോളിടെക്നിക്കിൽ കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കും
text_fieldsകൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളജിൽ സംസ്ഥാന സർക്കാറിന്റെ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും തമ്മിലുള്ള അന്തരം കുറക്കുന്നതിനും വിദ്യാർഥികൾക്ക് പഠനത്തിനോടൊപ്പം തന്നെ ജോലിയും വരുമാന സാധ്യതയും ഉറപ്പുവരുത്തുന്നതിനുമാണ് പദ്ധതി. കോളജിലെ അഞ്ച് ഏക്കർ സ്ഥലത്താണ് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ അനുമതി സംസ്ഥാന വ്യവസായ വകുപ്പിൽനിന്ന് ലഭിച്ചത്.
കാമ്പസ് വ്യവസായ എസ്റ്റേറ്റ് ഡെവലപ്പര്‍ അനുമതിയുടെ ഭാഗമായി കേരള സിംഗിൾ വിൻഡോ ക്ലിയർസ് ബോർഡ്, ഇൻഡസ്ട്രിയൽ ടൗൺഷിപ് ഏരിയ ഡെവലപ്മെന്റ് ആക്ട് 1999ന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടായിരിക്കും. സംസ്ഥാനതലത്തിൽ മൂന്ന് കോളജുകൾക്കാണ് കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിനുള്ള അനുമതി ലഭിച്ചത്.
ജില്ല വ്യവസായ ഓഫിസറുടെ കീഴിൽ ജില്ലതല സമതിയുടെയും വ്യവസായ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സമിതിയുടെയും നേതൃത്വത്തിൽ 75 അപേക്ഷയിൽനിന്നാണ് മൂന്ന് കോളജുകളെ തെരഞ്ഞെടുത്തത്. ഏക്കറിന് 20 ലക്ഷം രൂപ വെച്ച് 1.5 കോടി സാമ്പത്തിക സഹായവും ആദ്യഘട്ടത്തിൽ ലഭിക്കും.
കോളജിലെ കേരള സ്റ്റാർട്ടപ്പ് മിഷന്റെ അധീനതയിലുള്ള ഇന്നോവഷൻ ആൻഡ് എന്റർപ്രേണർഷിപ് ഡെവലപ്പ്മെന്റ് സെന്ററിന്റെയും ഇൻഡസ്ട്രിസ് ഡിപ്പാർട്മെന്റിന്റെ എന്റർപ്രെണർഷിപ് ഡെവലപ്പ്മെന്റ് ക്ലബിന്റെയും ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെയും നേതൃത്വത്തിൽ നിരവധി പ്രോജക്ടുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.