റോഡരികിലെ കാടുകൾ നീക്കാൻ നടപടിയില്ല
text_fieldsകരുനാഗപ്പള്ളി: റോഡരികിലെ കാടുകൾ വൃത്തിയാക്കാൻ തുക അനുവദിച്ചിട്ടും പ്രവൃത്തിക്ക് നടപടിയില്ല. കരുനാഗപ്പള്ളി നഗരസഭയിലെ 35 ഡിവിഷനുകളിലെ ഇടറോഡുകളുടെയും പി.ഡബ്ല്യു.ഡി റോഡുകളുടെയും ഇരുവശങ്ങളിൽ ഒരുവർഷമായി കാടുകയറിക്കിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കുന്നതിന് നഗരസഭ ഏഴ് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഓരോ ഡിവിഷനുകളിലുമുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് റോഡ് ശുചീകരണപ്രവർത്തനം നടത്തുന്നത്. ഇതിനായി ഒരു ഡിവിഷനിൽ ഇരുപതിനായിരം രൂപ വീതമാണ് നഗരസഭ അനുവദിച്ചത്. എന്നാൽ, പ്രവൃത്തി മാത്രം നടന്നില്ല.
ഓരോ ഡിവിഷനുകളിലും ശുചീകരണപ്രവർത്തനത്തിനായി ഇരുപതിനായിരം രൂപ വീതം അനുവദിച്ചുവെങ്കിലും ഇതിൽ നിന്ന് ഒരുവിഹിതം ഡിവിഷൻ കൗൺസിലർമാർ വാങ്ങുന്നതായി തൊഴിലുറപ്പ് തൊഴിലാളികൾ പറയുന്നു. കൗൺസിലർമാരുടെ നേതൃത്വത്തിൽ ഒരു നിശ്ചിത ദിവസത്തിനുള്ളിൽ നഗരസഭയിലെ 35 ഡിവിഷനുകളിലെയും ഇടറോഡുകളും പി.ഡബ്ല്യു.ഡി റോഡുകളും പൂർണമായി വൃത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നഗരസഭയുടെ നിർദേശം. എന്നാൽ, പകുതിയോളം ഡിവിഷനുകളിൽ ഇനിയും റോഡിൽ ശുചീകരണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.
ശുചീകരണപ്രവർത്തനങ്ങൾ നടത്തിയ ഡിവിഷനുകളിൽ എട്ടെണ്ണം പൂർണമായി സഞ്ചാരയോഗ്യമാക്കിയിട്ടില്ല. ഇത് കൗൺസിലർമാരുടെ വീഴ്ചയായി നാട്ടുകാർ പരാതിപ്പെട്ടു. സാധാരണഗതിയിൽ തൊഴിലുറപ്പ് തൊഴിലാളികൾ റോഡിലെ പോച്ചയും പുല്ലും ചെത്തിവാരിക്കൂട്ടി റോഡരികിൽ തന്നെ ഉപേക്ഷിച്ചു പോകുന്നത് മൂലം പുല്ലുകൾ മുളച്ച് കാടുകളായി മാറുന്നത് പതിവാണ്.
തൊഴിലുറപ്പ് തൊഴിലാളികൾ റോഡ് ശുചീകരണ വേളയിൽ റോഡുകളുടെ വശങ്ങളിൽ വാരിക്കൂട്ടുന്ന ചപ്പുചവറും പോച്ചയും നീക്കം ചെയ്യുന്നതിന് നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി പ്രകാരം റോഡ് ശുചീകരണ പ്രവർത്തനങ്ങൾ ശരിയായ രൂപത്തിൽ നടക്കുന്നുണ്ടോ എന്ന് നേരിട്ടറിയുന്നതിന് നഗരസഭ പ്രത്യേകം വിഭാഗത്തെ കൊണ്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് നൽകുന്നതിന് നഗരസഭ ചെയർമാൻ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

