ബഡ്സ് കലോത്സവം; പെൻസിൽ വരയിൽ പെർഫെക്ഷനുമായി കമറുദ്ദീൻ
text_fieldsബഡ്സ് കലോത്സവനഗരിയിൽ ചിത്രം വരക്കുന്ന പി. കമറുദ്ദീൻ
കൊല്ലം: പെൻസിൽ തുമ്പിൽ നിന്നുതിരുന്ന ഓരോ സ്ട്രോക്കിലും പെർഫെക്ഷൻ വേണമെന്ന് കമറുദ്ദീന് നിർബന്ധമുണ്ട്. കൺമുന്നിൽ ഇരിക്കുന്നയാൾ ഒന്നനങ്ങുമ്പോൾ പോലും കൈയടുത്ത് വിലക്കുന്നതും ഓരോ വരയും സാവധാനം പേപ്പറിലേക്ക് സസൂക്ഷം പകർത്തുന്നതും ആ പെർഫെക്റ്റ് ചിത്രത്തിനുവേണ്ടിയാണ്.
കുടുംബശ്രീ ബഡ്സ് കലോത്സവത്തിൽ പെൻസിൽ ഡ്രോയിങ് മത്സരത്തിൽ പങ്കെടുക്കാൻ മലപ്പുറത്തുനിന്ന് എത്തിയതാണ് പി. കമറുദ്ദീൻ എന്ന 27കാരൻ. മത്സരക്കളത്തിൽ തന്റെ കഴിവിനെ ഒതുക്കാതെ കലോത്സവനഗരിയിൽ ചിത്രം വരച്ചുതരാമോ എന്ന ആവശ്യവുമായി എത്തുന്നവർക്കൊക്കെ ചിത്രം വരച്ചുനൽകുന്ന തിരക്കിലാണ് കമറുദ്ദീൻ. 10 മിനിറ്റിനുള്ളിൽ ചിത്രങ്ങൾ റെഡി. തൃക്കലങ്ങോട് ബി.ആർ.സി വിദ്യാർഥിയായ പി. കമറുദ്ദീൻ കൂമംകുളം പാലക്കൽവീട്ടിൽ പരേതനായ മുഹമ്മദിന്റെയും മറിയുമ്മയുടെയും മകനാണ്. 50 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന മിടുക്കൻ, നാലാം ക്ലാസുവരെ സ്കൂളിൽ പോയിട്ടുണ്ടെങ്കിലും പിന്നീടങ്ങോട് വീടിനുള്ളിലായിരുന്നു ലോകം.
പുറംലോകത്തിറങ്ങാൻ മടിച്ചിരുന്നയാളെ 25ാം വയസ്സിൽ കണ്ടെത്തി ബി.ആർ.സിയിലേക്ക് കൂട്ടിയത് അധ്യാപികയായ ശോഭനയാണ്. വീട്ടുകാരെ പറഞ്ഞുമനസ്സിലാക്കി കമറുദ്ദീനെ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് ചിത്രകലയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്.
തുടർന്ന് ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളായി വലിയ മാറ്റമാണ് ഉണ്ടായത്. പുറത്തിറങ്ങാൻ ഭയന്നിരുന്ന ആളാകെ മാറി, അപരിചിതരെ മുന്നിലിരുത്തി ചിത്രമൊരുക്കുന്ന നിലയിലേക്കുള്ള വളർച്ച ഏറെ സന്തോഷം നൽകുന്നതായി അധ്യാപിക ശോഭന പറയുന്നു. കഴിഞ്ഞവർഷവും സംസ്ഥാനവേദിയിൽ മാറ്റുരച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

