പാതിയിൽ 'പണി'യാകുന്ന പാലങ്ങൾ
text_fieldsമൂന്ന് 'സ്വപ്ന' പദ്ധതികളാണ് പാതിവഴിയിൽ മുടങ്ങിയത്
കൊല്ലം: 'പദ്ധതികൾ പ്രഖ്യാപിക്കുന്നതിനും തുടങ്ങുന്നതിനും കൈയും കണക്കുമില്ല. തുടങ്ങിയത് ഒന്നു തീർന്നുകിട്ടാൻ എത്രനാൾ കാത്തിരിക്കണം എന്നതിന് ഒരു തിട്ടവുമില്ല.' എണ്ണിയാലൊടുങ്ങാത്ത പദ്ധതികൾകൊണ്ട് സമ്പുഷ്ടമായ കൊല്ലത്തിന്റെ ഭൗതിക മണ്ഡലത്തിന്റെ 'അവസ്ഥ'യുടെ ആകെത്തുകയാണ്. പാതിവഴിയിൽ മുടങ്ങുന്ന പദ്ധതികൾ കൊല്ലംകാർക്ക് പുതുമയല്ലാതായിരിക്കുന്നു. ഓരോ പുതിയ പദ്ധതി തുടങ്ങുമ്പോഴും 'കേട്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്' എന്ന സിനിമ ഡയലോഗ് പറഞ്ഞ് തലകുലുക്കുകയാണവർ.
കാരണം തുടക്കത്തിൽ കാട്ടുന്ന കൊട്ടിഗ്ഘോഷിക്കൽ എത്രകാലം കാണുമെന്ന കാര്യത്തിൽ ഇപ്പോൾ കാര്യമായ വിവരം നാട്ടുകാർക്കുണ്ട്. കരാർ എടുക്കുന്നവരിൽനിന്ന് കിട്ടേണ്ടത് കിട്ടുന്നത് വരെ മാത്രം കാട്ടുന്ന ആത്മാർഥത കഴിയുമ്പോൾ പിന്നെ പദ്ധതി പൂർത്തിയായാൽ എന്ത്, ഇല്ലെങ്കിലെന്ത്. ജനം സഹികെട്ട് മുറുമുറുക്കുമ്പോൾ പ്രസ്താവനയും പ്രതിഷേധ പ്രഹസനങ്ങളുമായി കളംനിറയുന്ന രാഷ്ട്രീയക്കാരെ പിന്നെ മഷിയിട്ട് നോക്കിയാൽ കാണാനുണ്ടാകില്ല. ഉദ്യോഗസ്ഥരാകട്ടെ നൈസായിട്ട് കൈമലർത്തും.
കൊല്ലത്തിന്റെ വികസനത്തിനുതന്നെ ശാപമായ ഈ സമീപനത്തിന്റെ കുലുങ്ങാത്ത മൂന്ന് ഉദാഹരണങ്ങൾ നഗരപരിധിയിൽതന്നെ തലയുയർത്തിനിൽപ്പുണ്ട്. തലയുയർത്തി 'ഗതിയറ്റ്' നിൽക്കുന്ന മൂന്ന് 'സ്വപ്ന' പദ്ധതികൾ. വിശ്വവിഖ്യാതമായ കൊല്ലം കല്ലുപാലം ആദ്യ ഉദാഹരണം. അഷ്ടമുടിക്കായലിന്റെ നടുവിൽ ചെന്ന് ഇനിയെങ്ങോട്ട് പോകണമെന്ന് വഴിയറിയാതെ നിൽക്കുന്ന ആശ്രാമം ലിങ്ക് റോഡ് പാലം രണ്ടാമത്തേത്. അഷ്ടമുടിയുടെ നെഞ്ചിൽതന്നെയാണ് മൂന്നാമത്തേതും, പെരുമൺ -പേഴുംതുരുത്ത് പാലം.
നിലവിൽ കെട്ടിനിർത്തിയിരിക്കുന്ന തൂണുകളിലെ കമ്പികൾ തുരുമ്പെടുത്ത് തീരുംമുമ്പെങ്കിലും ബാക്കി നിർമാണത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമോ അതോ കൊല്ലത്തിന്റെ ടൂറിസം ഭൂപടത്തിൽ 'വ്യത്യസ്ത' ടെസ്റ്റിനേഷനുകളായി അടയാളപ്പെടുത്തി തൽസ്ഥിതി തുടരുമോ എന്നാണ് ജനം ചോദിക്കുന്നത്.
കല്ലുപോലെ കല്ലുപാലം
കൊല്ലം തോടിന്റെ ഇരുകരകളെ ബന്ധിപ്പിച്ചിരുന്ന ചരിത്രശേഷിപ്പിനെ പൊളിച്ചുകളഞ്ഞ് പകരം പുതിയ പാലം എന്ന സ്വപ്നം താലോലിച്ച നിമിഷത്തെ പഴിക്കുകയാണ് നഗരവാസികൾ. ഉണ്ടായിരുന്നത് പൊളിക്കുകയും ചെയ്തു, പുതിയതൊട്ട് കെട്ടിത്തീരുന്നുമില്ല. ഇനി എന്ന് ആ പഴയ കല്ലുപാലം വഴി കടന്നുപോകാനാകും എന്ന ചോദ്യമുയരാൻ തുടങ്ങിയിട്ട് വർഷം മൂന്നിനോടടുക്കുന്നു. ഇപ്പോൾ പാതിവഴിയിലാക്കിയ പാലത്തിന് മുന്നിൽ മത്സ്യമുണക്കുന്ന കാഴ്ചയാണ് ബാക്കി. 2019ൽ പഴയ കല്ലുപാലം പൊളിച്ചാണ് പകരം പുതിയത് നിർമിക്കാൻ തുടങ്ങിയത്.
അക്ഷരാർഥത്തിൽ പാലം പണി 'പണി' ആകുന്ന കാഴ്ചയായിരുന്നു പിന്നീട്. 20 മീറ്റർ ഉള്ള പാലത്തിന്റെ നിർമാണം ഇഴഞ്ഞിഴഞ്ഞ് രണ്ടേമുക്കാൽ കൊല്ലം കൊണ്ട് കോൺക്രീറ്റ് പൂർത്തിയാക്കൽ വരെയാക്കി. പലതവണ കരാർ നീട്ടി നൽകിയതിന് ശേഷം സർവിസ് റോഡ് ഉൾപ്പെടെ പണികൾ പിന്നെയും ബാക്കികിടക്കവേ പണമില്ലെന്നും ഇനി ജോലി നടക്കണമെങ്കിൽ പണം നൽകണമെന്നും പറഞ്ഞ കരാറുകാരനെ ഒടുവിൽ പറഞ്ഞുവിട്ടു.
ഇപ്പോൾ പുതിയ കരാർ 1.72 കോടി രൂപക്ക് ആർ.ടി.എഫ് എന്ന കമ്പനിക്ക് നൽകാൻ തീരുമാനം ആയിരിക്കുകയാണ്. ഇനിയൊരു മൂന്ന് മാസം കൂടി മാത്രം എന്നതാണ് ഇപ്പോൾ കേൾക്കുന്ന വാഗ്ദാനം. ഇങ്ങനെ എത്ര മൂന്നുമാസക്കണക്ക് കേട്ടിരിക്കുന്നു എന്നാണ് കൊല്ലംകാരുടെ പ്രതികരണം.
അധികൃതരുടെ ആദ്യം മുതലുള്ള പ്രഖ്യാപന കണക്ക് നോക്കിയാൽ ഇതിനകം മൂന്ന് തവണ പാലത്തിന്റെ ഉദ്ഘാടനം കഴിയേണ്ടതാണ്. എന്നാൽ, ഇനി കഴിഞ്ഞിട്ട് കഴിഞ്ഞു എന്ന് പറയാം എന്നാണ് കൊല്ലം നിവാസികൾ പറയുന്നത്.
പാതിയിൽ മുറിഞ്ഞ് ലിങ്ക് റോഡ് പാലം
അഷ്ടമുടിയെ കീറിമുറിച്ച് ഓലയിൽ കടവിൽ എത്തി നിൽക്കുന്ന ആശ്രാമം ലിങ്ക് റോഡ് പാലത്തിന് വഴികാട്ടാൻ ആളുണ്ടോ? തോപ്പിൽ കടവിലേക്ക് പാലമെത്തും എന്നുള്ള കേട്ടുകേഴ്വിക്ക് കാലം കുറേ ആയെങ്കിലും നടപ്പാക്കുന്നതിന്റെ ലക്ഷണം ഒന്നും കാണാതെ കായലിൽ പാതി മുറിഞ്ഞുനിൽക്കുകയാണ് ലിങ്ക് റോഡ് പാലം. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മുതൽ ഓലയിൽ കടവ് മൂന്നാം ഘട്ടം പൂർത്തിയായാൽ നാലാം ഘട്ടം അപ്പോൾ തുടങ്ങും എന്നായിരുന്നു വാഗ്ദാനം.
എന്നാൽ, ഇപ്പോൾ വാഗ്ദാനം മാത്രമേ ഉള്ളൂ അല്ലേ എന്ന് അധികൃതരോട് ചോദിക്കേണ്ടനിലയിലാണ് കാര്യങ്ങൾ.
103 കോടി മുടക്കി ഓലയിൽ കടവ് വരെയുള്ള 1100 മീറ്റർ ഫ്ലൈഓവർ ഉൾപ്പെടെ മൂന്നാം ഘട്ടം പൂർത്തിയാക്കി, പെയിന്റും അടിച്ച് സൗന്ദര്യവത്കരണവും നടത്തി ഉദ്ഘാടനം പൊടിപൊടിക്കാനുള്ള തയാറെടുപ്പ് നടക്കുകയാണ്.
എന്നാൽ, ഓലയിൽ കടവിൽനിന്ന് തോപ്പിൽകടവ് വരെയുള്ള 1165.60 മീറ്റർ ദൂരത്തിൽ പാലം കെട്ടാൻ കിഫ്ബിയിൽനിന്ന് 170 കോടി അനുവദിച്ചത് മിച്ചം.
പാലം ഇനിയെങ്ങോട്ട് പോകണം എന്ന ചോദ്യം ആ പാലംപോലെ തന്നെ പാതിവഴിയിൽ നിൽക്കുകയാണ്. തേവള്ളി പാലത്തിന് അടിയിലൂടെ വേണം നാലാം ഘട്ടത്തിൽ പാലം കടന്നുപോകാൻ. ഇതുൾപ്പെടെ പൊതുമരാമത്ത് വിദഗ്ധർ തയാറാക്കിയ പ്ലാൻ കിഫ്ബി സാങ്കേതിക വിദഗ്ധർക്ക് പിടികിട്ടാത്തതാണ് അനിശ്ചിതത്വത്തിന് കാരണം. ഈ ഇടയ്ക്കും വിഷയത്തിൽ വ്യക്തത വരുത്താൻ കിഫ്ബി വിദഗ്ധർ സ്ഥലം സന്ദർശിച്ചിരുന്നു.നാലു കൊല്ലത്തോളമായി തുടരുന്ന ഇക്കാര്യത്തിലെ സംശയം ഈയിടക്കൊന്നും തീരുമെന്ന പ്രതീക്ഷയില്ല.
എന്നാൽ, പദ്ധതിക്ക് അനുമതി കിട്ടി പണി തുടങ്ങാൻ ഇനിയും കാലം പലത് വേണമെന്ന സ്ഥിതി മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞാലും തുടരുമെന്നതാണ് അവസ്ഥ. അതുവരെ നാട്ടുകാർക്ക് 'സെൽഫി പോയന്റ്' ആകാനായിരിക്കും ഓലയിൽകടവിൽ പാലത്തിന്റെ വിധി.
ഇരുകര തൊടാൻ കാത്ത്...
ദ്രുതഗതിയിൽ ഇരുവശത്തുനിന്നും നിർമാണം പൂർത്തിയാക്കി നടുവിലെത്തിയപ്പോൾ ബാക്കി നിർമാണത്തിന് ആദ്യം തയാറാക്കിയ ഡിസൈൻ തന്നെ പറ്റില്ലെന്ന് കണ്ട് പാതി വഴിയിലായ കഥയാണ് പെരുമൺ-പേഴുംതുരുത്ത് പാലത്തിന്.
അഷ്ടമുടിക്കായലിന് മധ്യേ, പെരുമൺ റെയിൽവേ പാലത്തിന് സമാന്തരമായി നിർമിക്കുന്ന പാലത്തിന്റെ നിർമാണം ഡിസൈനിൽ കുരുങ്ങി നിലച്ചിരിക്കുകയാണ്. പുതിയ ഡിസൈന് വേണ്ടി കരാർ ക്ഷണിച്ചിരിക്കുകയാണ് കേരള റോഡ് ഫണ്ട് ബോർഡ്.
പെരുമണിനെയും പേഴുംതുരുത്തിനെയും ബന്ധിപ്പിക്കുന്ന 432 മീറ്റർ ഉള്ള പാലത്തിന്റെ നടുവിലെ 70 മീറ്റർ പൂർത്തിയാക്കാനാണ് അപ്രതീക്ഷിത പ്രതിസന്ധി വന്നത്. കിഫ്ബിയിൽനിന്നുള്ള 42 കോടി ചെലവഴിച്ചാണ് പാലം നിർമിക്കുന്നത്. മധ്യഭാഗത്ത് തൂണുകളിൽനിന്ന് ഇരുമ്പ് കേബിളുകൾ ഘടിപ്പിച്ച് കേബിൾ പാലം നിർമിക്കാനായിരുന്നു പദ്ധതി. മധ്യഭാഗത്തെ തൂണിൽനിന്ന് ഇരുമ്പുകേബിളുകൾകൊണ്ട് സ്പാൻ ബന്ധിപ്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ഇതിനായുള്ള സാങ്കേതികവിദ്യ പ്രായോഗികമല്ലെന്ന് ഈ ഭാഗത്തെ നിർമാണം തുടങ്ങുന്നതിനു മുമ്പ് കണ്ടെത്തി. ഡിസൈനിൽ മാറ്റം വരുത്തിയാൽ നിർമാണം പൂർത്തിയാക്കാമെന്ന് കരാർ കമ്പനി വ്യക്തമാക്കിയതോടെയാണ് പുതിയ കരാർ ക്ഷണിച്ചത്. പുതിയ കരാർ വന്ന് നിർമാണം പൂർത്തിയാക്കാൻ എത്രകാലം ഇനിയും കാത്തിരിക്കണം എന്ന ചോദ്യമുയർത്തി കാത്തിരിക്കുകയാണ് ഇപ്പോൾ നാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

