വസ്തു അളക്കുന്നതിന് കൈക്കൂലി; താലൂക്ക് സർവെയർ പിടിയിൽ
text_fieldsഅനിൽ കുമാർ
കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് സർവെയറെ വിജിലൻസ് പിടികൂടി. വസ്തു അളന്ന് തിരിക്കുന്നതിന് 3,000 രൂപ കൈക്കൂലി വാങ്ങവേ കൊല്ലം താലൂക്ക് സർവെയർ അനിൽ കുമാർ ആണ് പിടിയിലായത്. അഞ്ചൽ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരന്റെ ഭാര്യയുടെ പേരിൽ കൊല്ലം മുളവനയിലെ രണ്ടര സെന്റ് വസ്തു അളന്ന് തിരിക്കുന്നതിന് കഴിഞ്ഞ വർഷം ഡിസംബറിൽ കൊല്ലം താലൂക്ക് ഓഫിസിൽ അപേക്ഷ നൽകിയിരുന്നു.
വസ്തു അളക്കുന്നതിന് താലൂക്ക് സർവെയറായ അനിൽ കുമാറിനെ പല പ്രാവശ്യം നേരിൽ കണ്ടിട്ടും വസ്തു അളക്കാൻ കൂട്ടാക്കിയില്ല എന്ന് പരാതിക്കാരൻ പറയുന്നു. കഴിഞ്ഞ മാസം 15ന് സർവെയറെ വീണ്ടും നേരിൽ കണ്ടപ്പോൾ 3,000 രൂപ കൈക്കൂലി നൽകിയാൽ വസ്തു അളക്കാൻ വരാമെന്ന് പറഞ്ഞതായി പരാതിക്കാരൻ കൊല്ലം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11.30ഓടെ മുളവനയിൽ വസ്തു അളന്ന ശേഷം അവിടെവച്ചുതന്നെ പരാതിക്കാരനിൽ നിന്നും 3,000 രൂപ കൈക്കൂലി വാങ്ങവേ വിജിലൻസ് സംഘം കൈയോടെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

