ചാത്തന്നൂരിലെ ബി.ജെ.പി വിജയം ഇടത് നിസ്സംഗതയുടെ ഫലം
text_fieldsകൊല്ലം: അധികമാരും ശ്രദ്ധിക്കാതെ കിടന്ന ചാത്തന്നൂരിൽ ബി.ജെ.പി അത്ഭുത വിജയം നേടിയത് ഇടത് നിസ്സംഗതയുടെ പ്രതിഫലനമായി. എക്സിറ്റ് പോൾ പട്ടികയിൽപോലുമില്ലാതിരുന്ന ചാത്തന്നൂരിലെ വിജയം അവരുടെ ആസൂത്രിത പ്രവർത്തനത്തിന്‍റെ കൂടെ ഫലമാണ്.കഴിഞ്ഞ രണ്ടുതവണയായി രണ്ടാം സ്ഥാനത്തുള്ള ബി.ബി. ഗോപകുമാറിന്‍റെ മുന്നേറ്റം പല ഘടകങ്ങളുടെ സംയോജനമാണെങ്കിലും ബി.ജെ.പിയുടെ വിജയം മുൻകൂട്ടി കാണുന്നതിലും പ്രാദേശിക നേതാക്കളുടെ നിസ്സഹകരണ മനോഭാവം കണ്ടെത്തി പരിഹരിക്കുന്നതിൽ സി.പി.ഐ നേതൃത്വം കാണിച്ച പിഴവുമാണന്ന് വ്യക്തം. സി.പി.ഐ സിറ്റിങ് സീറ്റായ മണ്ഡലത്തിൽ എം.എൽ.എ ജയലാലിനെ മാറ്റി, ചിരിക്കാൻ പോലുമറിയാത്ത രാജേന്ദ്രനെ സ്ഥാനാർഥിയാക്കിയപ്പോൾതന്നെ പരാജയം മണത്തിരുന്നു. മണ്ഡലത്തിൽ താഴെക്കിടയിൽ പ്രവർത്തിക്കേണ്ട സി.പി.എമ്മാകട്ടെ തികഞ്ഞ നിസ്സഹകരണ മനോഭാവമാണ് തെരഞ്ഞെടുപ്പിലുടനീളം പ്രകടിപ്പിച്ചത്. തെരഞ്ഞെടുപ്പിന് ഒരാഴ്ചമുമ്പ് ‘മാധ്യമം’ ഇക്കാര്യങ്ങൾ വ്യക്തമായി ചൂണ്ടികാട്ടിയിരുന്നു.
ഈഴവ, നായർ വോട്ടുകളിൽ വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി മത്സരിച്ചവരെല്ലാം ഒരേ സമുദായത്തിൽപെട്ടവരാണ്. എസ്.എൻ.ഡി.പി താലൂക്ക് യൂനിയൻ പ്രസിഡന്‍റും ബി.ജെ.പി മുൻ ജില്ല പ്രസിഡന്‍റുമാണ് ബി.ബി. ഗോപകുമാർ. കഴിഞ്ഞ മൂന്നുതവണ ഇവിടെ വിജയിച്ച സി.പി.ഐയുടെ ജി.എസ്. ജയലാൽ പാർട്ടി വോട്ടിനപ്പുറം നായർ സമുദായ വോട്ടുകൂടി സമാഹരിച്ചാണ് കടന്നു കൂടിയിരുന്നത്. ഈ നായർ വോട്ടുകൾ ഇക്കുറി ബി.ജെ.പിയിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.
ചില സമുദായങ്ങളുടെ പ്രാദേശിക നേതൃത്വത്തെ മാത്രമല്ല, സി.പി.എം അടക്കമുള്ള പാർട്ടികളുടെ പ്രാദേശിക നേതാക്കളെപോലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിശബ്ദരാക്കുന്നതിലും പിന്നോട്ട് വലിക്കുന്നതിലും ബി.ജെ.പി വിജയിച്ചു. അതടക്കമുള്ള കാര്യങ്ങൾക്ക് പലവിധ പാരിതോഷികങ്ങളും ധാരാളമായി മണ്ഡലത്തിൽ വിതരണം ചെയ്യപ്പെട്ടു. സ്ഥാനാർഥികളിൽ മണ്ഡലത്തിൽ നിന്നുള്ള ആളെന്ന പ്രത്യേകതയും ഗോപകുമാറിന് അനുകൂല ഘടകമായി. അധ്യാപകനായ അദ്ദേഹത്തിനുള്ള വിപുലമായ ശിക്ഷ്യസമ്പത്തും അനുഗ്രഹമായി. കോൺഗ്രസ് സ്ഥാനാർഥിയാകട്ടെ, പരാജയം ഉറപ്പിച്ച് പണം ചെലവഴിക്കാതെയുള്ള പ്രവർത്തന ശൈലിയാണ് പുറത്തെടുത്തത്. ഉദാഹരണത്തിന് മണ്ഡലത്തിൽ ഷാഫി പറമ്പിലിന്‍റെ റോഡ് ഷോ നിർദേശിക്കപെട്ടപ്പോൾ 500 ബൈക്കിന് ഇന്ധനം അടിക്കുന്നതിന്‍റെ ചെലവ് പറഞ്ഞ് അത് ഒഴിവാക്കി. പകരം ക്രിക്കറ്റ് താരം അസ്ഹറുദ്ദീനെ കൊണ്ടുവന്ന് വിടവ് നികത്തുകയാണ് സ്ഥാനാർഥി ചെയ്തത്.
അതേസമയം, സംസ്ഥാനത്തെ യു.ഡി.എഫ് തരംഗത്തിൽ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർഥി സൂരജ് രവിക്ക് വീണതിന്‍റെ ഗുണം ലഭിച്ചത് ബി.ജെ.പിക്കാണ്. കഴിഞ്ഞ തവണ കോൺഗ്രസിന്റെ പീതാംബര കുറുപ്പ് നേടിയ 34,000 വോട്ട് സൂരജ് രവി 35000 ആയി ഉയർത്തിയപ്പോൾ ജയലാൽ നേടിയ 59,000 വോട്ട് 47,000 ആയി രാജേന്ദ്രന് കുറഞ്ഞു. ഇടതിന് 12,000 വോട്ട് നഷ്ടമായപ്പോൾ ബി.ജെ.പിക്ക് 5000ത്തിനടുത്ത് വോട്ടിന്‍റെ വിജയം ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

