ബൈക്ക് മോഷണം നടത്തിയ സംഘം പിടിയിൽ
text_fieldsപ്രതികൾ
കൊല്ലം: കഴിഞ്ഞ കുറേനാളായി കൊല്ലം റെയിൽവേ സ്റ്റേഷനിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി ബൈക്ക് മോഷണം നടത്തിവന്ന നാലംഗ സംഘം പൊലീസ് പിടിയിൽ. ചവറ തെക്കുംഭാഗം ജെനോവ നിവാസിൽ ഷിജു (24), മയ്യനാട് താന്നി, സാഗര തീരം ഫ്ലാറ്റിൽ അഖിൽ (26), ആശ്രാമം വൈദ്യശാല നഗർ 322 പനച്ചിലഴികത്ത് അരുൺ (26), പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെട്ട സംഘമാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കൊല്ലത്ത് റെയിൽവേ സ്റ്റേഷൻ, ആർ.എം.എസ്, ഹൈസ്കൂൾ ജങ്ഷൻ എന്നിവിടങ്ങളിലും സമീപപ്രദേശങ്ങളിലും ഇരുചക്ര വാഹനങ്ങൾ മോഷണം നടത്തിവരുകയായിരുന്നു ഇവർ. ഇരുചക്ര വാഹന മോഷണം വ്യാപകമായതിനെ തുടർന്ന് കൊല്ലം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫിന്റെ നിർദേശാനുസരണം പ്രത്യേക പൊലീസ് സംഘത്തെ രൂപവത്കരിച്ച് നടത്തിവന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
കൊല്ലം ബീച്ച്, റെയിൽവേ സ്റ്റേഷൻ പരിസരം, ലിങ്ക് റോഡ്, വിക്ടോറിയ ആശുപത്രി എന്നിങ്ങനെ വിവിധ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ജി. അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ രഞ്ജു, സി.പി.ഒമാരായ അഭിലാഷ്, ഷെഫീക്ക് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

