ഭിക്ഷാടനസംഘങ്ങൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു
text_fieldsകണ്ണനല്ലൂർ: രാത്രികാലങ്ങളിൽ തമ്പടിക്കുന്ന അന്തർസംസ്ഥാന ഭിക്ഷാടന സംഘങ്ങൾ കണ്ണനല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘങ്ങളുടെ തമ്മിൽതല്ലും മദ്യപാനവും പതിവായിട്ടും അധികൃതർ കണ്ട മട്ടില്ല. കഴിഞ്ഞദിവസം രാത്രിയിൽ സംഘങ്ങൾ തമ്മിൽ നടന്ന കൂട്ടത്തല്ലിൽ ഒരാൾക്ക് കുത്തേറ്റു.
കണ്ണനല്ലൂർ പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി ഭിക്ഷാടന സംഘങ്ങളുടെ അനിയന്ത്രിത സാന്നിധ്യം ഗുരുതര സാമൂഹിക-സുരക്ഷാ പ്രശ്നമായി മാറിയതായി പ്രദേശവാസികൾ ആരോപിക്കുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം എത്തി പട്ടണത്തിലെ കടത്തിണ്ണകളും പൊതുസ്ഥലങ്ങളും രാത്രി താവളമാക്കുന്നതും സന്ധ്യക്കുശേഷം മദ്യപിച്ച് വാക്കേറ്റവും സംഘർഷവും സൃഷ്ടിക്കുന്നതും പതിവായിരിക്കുകയാണെന്ന് പ്രദേശവാസികളും വ്യാപാരികളും പറയുന്നു.
വെള്ളിയാഴ്ച രാത്രി മദ്യലഹരിയിലുണ്ടായ തർക്കം ഗുരുതരമായി മാറി സംഘത്തിലെ ഒരാൾക്ക് കഴുത്തിൽ മുറിവേറ്റു. രക്തസ്രാവം ഉണ്ടായതോടെ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയും 108 ആംബുലൻസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണത്തിലാക്കി. സംഘത്തിൽ കൈക്കുഞ്ഞുമായി സ്ത്രീകൾ ഉൾപ്പെട്ടിരുന്നതും അരോഗദൃഢഗാത്രരായ ചെറുപ്പക്കാർ സംഘത്തിൽ സജീവമാണെന്നതും ആശങ്ക വർധിപ്പിക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു.
രാത്രിസമയങ്ങളിൽ സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാൻ ഭയപ്പെടുന്ന സാഹചര്യമാണെന്നും വ്യാപാരികൾ കടത്തിണ്ണകളിലെ അനധികൃത താമസത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്നും ആരോപണം ഉയരുന്നു. ജങ്ഷൻ വികസന ഭാഗമായി കടകൾ പൊളിച്ചുമാറ്റിയ ഭാഗത്താണ് ഇവർ തമ്പടിക്കുന്നത്. ഭിക്ഷാടന സംഘങ്ങൾ ഏറ്റുമുട്ടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് സമൂഹത്തിന്റെ സമാധാനത്തിനും പൊതുസുരക്ഷക്കും ഭീഷണിയാണെന്ന് സാമൂഹികപ്രവർത്തകരായ എസ്.എം. അൽ അമീൻ കണ്ണനല്ലൂർ, നവാസ് മുസ്‍ലിയാർ കണ്ണനല്ലൂർ, സുൽഫിക്കർ കുളപ്പാടം, ഷാഫി കണ്ണനല്ലൂർ എന്നിവർ ആരോപിച്ചു.
ഇത്തരം സംഘങ്ങളുടെ പ്രവർത്തനം അന്വേഷിച്ച് സംഘടിത ശൃംഖലകളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

