ബിയർ കുപ്പികൊണ്ട് ആക്രമിച്ചയാൾ പിടിയിൽ
text_fieldsസാംസൺ
ഇരവിപുരം: തർക്കത്തെ തുടർന്ന് ബിയർ കുപ്പികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി. ഇരവിപുരം തെക്കുംഭാഗം ഗാർഫിൽ നഗർ പുത്തനഴികം തോപ്പിൽ സാംസൺ (40) ആണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം തിരുമുക്കിലുള്ള ബിവറേജസ് ഔട്ട്ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ഇരവിപുരം കാക്കത്തോപ്പ് സ്വദേശി മാക്സന്റെ പോക്കറ്റിൽനിന്ന് താഴെ വീണ പണം ഇയാൾ കൈക്കലാക്കിയിരുന്നു.
തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. പണം തിരികെ ചോദിച്ചതിലുള്ള വിരോധത്തിൽ പ്രതി മാക്സണിനെ പിടച്ച് തള്ളുകയും ചീത്ത വിളിക്കുകയും ചെയ്തു. മാക്സൺ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ കൈയിലിരുന്ന ബിയർ കുപ്പി പൊട്ടിച്ച് കുത്തി പരിക്കേൽപിക്കുകയായിരുന്നു.
ഇയാൾ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. ഇരവിപുരം ഇൻസ്പെക്ടർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ദിലീപ്, സി.പി.ഒ വിഷ്ണു, സി.പി.ഒ രതീഷ്മോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

