ജാഗ്രത...കുഴിമന്തിയിൽ വീഴരുത്, ഫാസ്റ്റ്ഫുഡിലും..
text_fieldsകൊല്ലം: മുക്കിനു മുക്കിനു കുഴിമന്തി കടകൾ പെരുകുമ്പോഴും എങ്ങനെയാണ് മന്തി ഉണ്ടാക്കുന്നതെന്ന് ആരും അന്വേഷിച്ചു പോകാറില്ല. കൂടെ കിട്ടുന്ന മയോണൈസിന്റെയും അനുബന്ധ സാധനങ്ങളുടെയും രുചി നോക്കിയാണ് പലരും ഗുണനിലവാരം നിശ്ചയിക്കുക.
എന്താണ് കുഴിമന്തി എന്നറിയാത്തവർ പോലും നിലവിൽ ബോർഡുംവെച്ച് കച്ചവടം ചെയ്യുകയാണ്. ഭക്ഷ്യസുരക്ഷ വകുപ്പ് എന്നത് ഉണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ഒരു പ്രയോജനവും ഇല്ലെന്നാണ് ആക്ഷേപം. പരാതി ഉയരുമ്പോൾ പേരിനൊരു പരിശോധന എന്നതിനപ്പുറം ഒന്നും നടക്കുന്നില്ല.
പരിശോധനകളിൽനിന്ന് വൻകിട ഹോട്ടലുകളെ ഒഴിവാക്കുന്നതും പതിവ്. കൃത്യമായി മാസപ്പടി കിട്ടുന്നതുകൊണ്ടാണ് പരിശോധനകൾ പ്രഹസനമാകുന്നതെന്നാണ് ആക്ഷേപം. അൽഫാമും കുഴിമന്തിയും കഴിച്ച് അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടും ജില്ലയിൽ കാര്യക്ഷമമായ പരിശോധന ഭക്ഷ്യസുരക്ഷ വകുപ്പിൽനിന്നുണ്ടാകുന്നില്ല.
കഴിഞ്ഞദിവസങ്ങളിൽ പരിശോധന നടന്നെങ്കിലും കുഴിമന്തി, അൽഫാം എന്നിവ മാത്രം വിൽപന നടത്തുന്ന കേന്ദ്രങ്ങളിൽ ഉദ്യോഗസ്ഥ സംഘമെത്തിയില്ല. കുഴിമന്തി പോലുള്ള ഭക്ഷണങ്ങൾ കുട്ടികൾക്ക് അപകടകരമാണെന്നാണ് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.
ഇത്തരം ഭക്ഷണ പദാർഥങ്ങള്‍ ദഹനപ്രശ്നങ്ങളുണ്ടാക്കി കുട്ടികളില്‍ വലിയ ആരോഗ്യപ്രശ്നം സൃഷ്ടിക്കുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. വേഗത്തില്‍ കഴിക്കാന്‍വേണ്ടി വളരെ എളുപ്പത്തിൽ തയാറാക്കുന്നവയാണ് ഫാസ്റ്റ്ഫുഡ്. ഇവ നാരില്ലാത്തവയും അഡിക്ഷന്, രുചി, മണം എന്നിവ ഉണ്ടാക്കുന്ന സിന്തറ്റിക് ചേരുവകളാല്‍ സമൃദ്ധവുമാണ്. മാംസാഹാരങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കുന്ന ഇത്തരം കുക്കറി സംവിധാനങ്ങള്‍ക്ക് കുട്ടികള്‍ അടിമയാവും.
പാതി വേവിച്ചതോ, വെള്ളത്തില്‍ പുഴുങ്ങിയതോ ആയ ഇത്തരം മാംസം കറിയായും കുറുമയായും മാറുന്നത് അനുബന്ധമായി ചേര്‍ക്കുന്ന കൂട്ടുകളുടെ അളവു നോക്കിയാണ്. ഫ്രൈയാക്കാന്‍ ഉപയോഗിക്കുന്ന എണ്ണ എന്ന് തിളച്ചുതുടങ്ങിയെന്നോ, എത്ര തവണ തിളപ്പിച്ചെന്നോ ആര്‍ക്കും അറിവുണ്ടാവുകയുമില്ല. പലപ്പോഴും പതിവ് മസാല പൊടികളായ മല്ലിയും മുളകും മഞ്ഞളും ഷെല്‍ഫില്‍ സാന്നിധ്യം കാട്ടുകയും സോസുകളും ക്രീമുകളും ചട്ടിയില്‍ തിളയ്ക്കുകയും ചെയ്യുമെന്നാണ് ആരോഗ്യരംഗത്തെ പ്രമുഖർ പറയുന്നത്.
കറിക്ക് കൊഴുപ്പുകിട്ടാന് പശുവിന്പാല് പോലും ചേർക്കുമെന്നാണ് വിവരം. ഇത്തരം വിരുദ്ധ പ്രോട്ടീനുകളുടെ സമ്മിശ്രണവും മസാലകളിലെ പ്രിസര്വേറ്റിവുകളുമൊക്കെ പ്രതിക്രിയയിലേര്പ്പെട്ട്, ചുരുക്കം ചിലര്‍ക്ക് ഗുരുതരവും മരണകാരിയുമായ അലര്‍ജി വരും.
റെഡിമെയ്ഡ് ചപ്പാത്തി, സിന്തറ്റിക് ബസുമതി റൈസ് എന്നിവയിലെ അപാകം, മുതല്‍ മയോണൈസ്, സോസ്, ജാം, ക്രീം, അച്ചാര്‍ മുതലായവ വഴി വരുന്ന കലര്‍പ്പുകളും ചിലപ്പോള്‍ കെണിയാകാം. അതിനാല്‍, കുട്ടികളെ ഫാസ്റ്റ്ഫുഡ് ശീലിപ്പിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

