യൂത്ത് കോൺഗ്രസുകാർക്ക് നേരെയുള്ള വധശ്രമക്കേസ്: പൊലീസിൽനിന്ന് റിപ്പോർട്ട് തേടി കോടതി
text_fieldsകൊല്ലം: ഡി.വൈ.എഫ്.ഐ പ്രവർത്തകർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച കേസിൽ ചിന്ത ജെറോമിന്റെ പങ്ക് അന്വേഷിക്കണമെന്ന ഹരജിയിൽ പൊലീസിനോട് റിപ്പോർട്ട് തേടി കോടതി. നക്ഷത്ര റിസോർട്ടിൽ താമസിച്ചതിന് ചിന്താ ജെറോമിനെതിരെ പരാതി നൽകിയതിന്റെ പേരിലാണ് ആക്രമണമെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണുസുനിൽ പന്തളം നൽകിയ പരാതിയിൽ ആരോപിച്ചത്. ഇക്കാര്യം പൊലീസ് അന്വേഷിച്ചില്ലെന്ന് കാണിച്ചാണ് ഹരജി നൽകിയത്.
അന്വേഷണ പുരോഗതി മാർച്ച് 28ന് സമർപ്പിക്കണമെന്ന് അഡ്വ. ധീരജ് രവി മുഖേന വിഷ്ണുസുനിൽ പന്തളം സമർപ്പിച്ച ഹരജി പരിഗണിച്ച് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് ജഡ്ജി നിയത പ്രസാദ് നിർദേശം നൽകി.
സി.പി.എമ്മിന്റെ നിർദേശാനുസരണമാണ് ഈ കേസിൽ പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ഇതിന്റെ ഭാഗമായി രണ്ടു ദിവസത്തിനുള്ളിൽ തട്ടിക്കൂട്ട് കുറ്റപത്രം സമർപ്പിക്കാനുള്ള പൊലീസിന്റെ നീക്കം നീതിന്യായ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയാണെന്നും നേതാക്കൾ പറഞ്ഞു.

