വഴിമുടക്കി റോഡിൽ കിടന്നത് ചോദ്യം ചെയ്തതിന് വഴിയാത്രക്കാരനെ ആക്രമിച്ച യുവാവ് പിടിയിൽ
text_fieldsകൊല്ലം: വഴിമുടക്കി റോഡിൽ കിടന്നത് ചോദ്യം ചെയ്ത വഴിയാത്രക്കാരനെ ആക്രമിച്ച യുവാവ് പിടിയിലായി. ശക്തികുളങ്ങര കന്നിമേൽചേരി മൂലങ്കര ലാജിഭവനത്തിൽ മനുവാണ് (25) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകീട്ട് 7.30ന് മൂലങ്കരപള്ളിക്കു സമീപമുള്ള റോഡിലൂടെ പ്രദേശവാസിയായ സുരേഷ് സ്കൂട്ടർ ഓടിച്ചുവരവേ മനു മാർഗതടസ്സമുണ്ടാക്കി കിടക്കുന്നത് കണ്ട് റോഡിൽ നിന്ന് മാറാൻ പറഞ്ഞതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയത്.
സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മനു ആയുധ നിയമ പ്രകാരമടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ശക്തികുളങ്ങര സബ് ഇൻസ്പെക്ടർ ഐ.വി. ആശയുടെ നേതൃത്വത്തിൽ എസ്.ഐമാരായ ദിലീപ്, എ.എസ്.ഐ ഡാർവിൻ, എസ്.സി.പി.ഒ ബിജു, സി.പി.ഒ ക്രിസ്റ്റഫർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.

