മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
text_fieldsസെയ്താലി, അൽത്താഫ്, രാജു
കൊല്ലം: നഗരമധ്യത്തിൽ വാർത്ത ശേഖരിക്കുകയായിരുന്ന മാധ്യമപ്രവർത്തകർക്കുനേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. മൂന്നുപേരെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുേന്ദരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇരുവരെയും ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ പോളയത്തോട് ശ്മശാനത്തിന് സമീപത്താണ് സംഭവം. ആക്രമണത്തിന് നേതൃത്വം നൽകിയ വടക്കേവിള കെ.ടി.എൻ.നഗർ മാളികവയൽ അൽത്താഫ്, സെയ്ദലി, തിരുനൽവേലി വെള്ളംകുളി വെള്ളപ്പാണ്ടി സ്വദേശി രാജ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ആറംഗ സംഘം പിന്തുടർന്നെത്തിയാണ് മർദനം നടത്തിയത്.
രണ്ട് കിലോമീറ്റർ അപ്പുറത്ത് കൊല്ലം പബ്ലിക് ലൈബ്രറിക്ക് മുന്നിൽ ശോച്യാവസ്ഥയിലുള്ള റോഡിന്റെ ഫോട്ടോ എടുക്കുന്നതിന് മാധ്യമപ്രവർത്തകർ എത്തിയതിനുപിന്നാലെയാണ് ആക്രമണമുണ്ടായത്. ഇവിടെ അനധികൃതമായി തട്ടുകട നടത്തുന്നയാൾ, തങ്ങളുടെ ബങ്കിന്റെ ചിത്രം പകർത്തുകയാണെന്ന് തെറ്റിദ്ധരിച്ച് സുധീറിനെ ഭീഷണിപ്പെടുത്തി.
റോഡിന്റെ ചിത്രം പകർത്തുന്നതാണെന്ന് പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ല. തുടർന്ന് ബൈക്കിൽ പോളയത്തോട്ടേക്ക് പോയ സുധീറിനെയും അനിലിനേയും രണ്ടുപേർ ആയുധങ്ങളുമായി അപകടകരമായി പിന്തുടർന്നു. വിവരം ഉടൻതന്നെ അനിൽ കൊല്ലം ഈസ്റ്റ് സി.ഐയെ ഫോണിൽ വിളിച്ച് അറിയിച്ചു.
പോളയത്തോട് ശ്മശാനത്തിന് മുന്നിൽ ഹരിതകർമ സേനാംഗങ്ങളുമായി സംസാരിക്കുന്നതിനിടെ മൂന്ന് ബൈക്കുകളിൽ എത്തിയ അക്രമികൾ സുധീറിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയും ചവിട്ടുകയും ചെയ്തു.
ഇത് തടയാനെത്തിയ അനിലിന് നേരെ തിരിഞ്ഞ അക്രമികൾ തലക്കും നെഞ്ചത്തും മർദിക്കുകയും ഇടിച്ച് വീഴ്ത്തുകയും ചെയ്തു. ഹരിതകർമ സേനാംഗങ്ങളും സ്ഥലത്തുണ്ടായിരുന്നവരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ വഴങ്ങിയില്ല. മർദനമേറ്റ അനിൽ ബോധരഹിതനായി. ഈ സമയം പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പൊലീസ് സ്ഥലത്തെത്തി.
ഇവർ വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ ഈസ്റ്റ് പൊലീസെത്തി. പൊലീസെത്തുന്നതുകണ്ട് അക്രമികളിൽ അഞ്ചുപേരും കടന്നു. സ്ഥലത്തുണ്ടായിരുന്ന അൽത്താഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഇരുവരേയും ഓട്ടോയിൽ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഈസ്റ്റ് പൊലീസ് സംഘം ആശുപത്രിയിലെത്തി ഇരുവരുടേയും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. സെയ്ദലിയെ പൊലീസ് പിന്നീട് വീട്ടിൽ നിന്ന് അറസ്റ്റുചെയ്തു.
കൊല്ലം നഗരത്തിലെ പ്രധാനപ്രശ്നങ്ങളിലൊന്നായ അനധികൃത വഴിയോര ബങ്കുകളുടെ നടത്തിപ്പുകാരാണ് ആക്രമണം നടത്തിയത്. കോർപറേഷന്റെ അനുമതി പോലുമില്ലാതെ ഇത്തരം നിരവധി ബങ്കുകളാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്. ഈ നിയമവിരുദ്ധ പ്രവർത്തനം വാർത്തയാക്കുമെന്ന് കരുതിയാണ് സംഘം മാധ്യമപ്രവർത്തകരെ ആക്രമിച്ചത്.
ശുചിത്വമാനദണ്ഡങ്ങൾ പോലും പാലിക്കാതെ പ്രവർത്തിക്കുന്ന ഇത്തരം ബങ്കുകൾക്കെതിരെ പരാതി നൽകിയാൽ പോലും നടപടിയുണ്ടാകുന്നില്ല. അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോർപറേഷൻ അധികൃതരും നിരന്തരം പ്രസ്താവന നടത്തുന്നതല്ലാതെ നടപടിയൊന്നും ഉണ്ടാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

