മത്സ്യബന്ധന ബോട്ടുകൾക്ക് നേരെ ആക്രമണം: കോടിയുടെ നഷ്ടം
text_fieldsകുളച്ചൽ ഹാർബർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ആക്രമണത്തിനിരയായ ബോട്ടുകളിലൊന്ന് ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് തിരിച്ചെത്തിയപ്പോൾ ബോട്ടിനുണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കുന്ന സ്രാങ്ക് രമേശൻ
കൊല്ലം: നീണ്ടകരയിൽനിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ തമിഴ്നാട്ടിലെ കുളച്ചലിൽ, മുട്ടം ഭാഗങ്ങളിലുണ്ടായ ആക്രമണത്തിൽ ഒരു കോടിയോളം രൂപയുടെ നാശനഷ്ടം. നിരവധി ബോട്ടുകൾ ആക്രമണത്തിന് ഇരയായി. ശനിയാഴ്ച തിരിച്ചെത്തിയ അർഫി ഒന്ന് ബോട്ടിൽ നിന്ന് 14വലകളും രണ്ട് സെറ്റ് ഔട്ടർ ബോർഡ്, 3200മീറ്റർ വയർ റോപ്പ്, എക്കോസൗണ്ടർ, വയർലെസ് സെറ്റുകൾ എന്നിവ എടുത്ത് കടലിലെറിഞ്ഞു. ശക്തികുളങ്ങര കല്ലുംപുറം സ്വദേശിയുടെ ശങ്കരൻ ബോട്ടിന്റെ ഇന്ധനടാങ്ക് തുറന്ന് ഡീസൽ കടലിലൊഴുക്കി.
ശക്തികുളങ്ങര സ്വദേശി തോബിയാസ് ബാബുവിന്റെ ഇമ്മാനുവൽ ബോട്ടിൽ നിന്ന് സ്റ്റീൽ റോപ്പ്, പുല്ലൻ വല സെറ്റ്, റോപ്പ് സെറ്റ്, ബോർഡ് എന്നിവ നശിപ്പിച്ചു. ഇരുമ്പ് കട്ടകൊണ്ടുള്ള ഏറിൽ ബോട്ടിന്റെ ചില്ലും തകർന്നു.
അർഫി രണ്ട് ബോട്ടിൽ നിന്ന് നാല് വല, രണ്ട് സെറ്റ് ഔട്ടർബോർഡ്, വയർറോപ് എന്നിവയും പി.എം.ആർ ബോട്ട്, വിടിവള്ളി മാതാ ബോട്ട് എന്നിവയിൽ നിന്ന് വയർ റോപ്പും കടലിലെറിഞ്ഞു. ബോട്ട് ഇടിപ്പിച്ച് തസീന ബോട്ടിന്റെ വീൽഹൗസ് തകർത്തു. കള്ളിവല, സ്റ്റീൽ റോപ്പ് എന്നിവയും നശിപ്പിച്ചു. ഇമ്മാനുവൽ, ഓഷ്യൻ വിന്റർ ബോട്ടുകളെയും ആക്രമിച്ചു. ഓരോ ബോട്ടിനും പത്ത് ലക്ഷം വീതം നഷ്ടം കണക്കാക്കുന്നു.
നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഓഫിസ് അധികൃതരുടെ പ്രാഥമിക കണക്കെടുപ്പിലാണ് ഒരു കോടിയുടെ നഷ്ടം കണക്കാക്കിയത്. നിലവിൽ ഒമ്പത് ബോട്ടുകൾ മാത്രമാണ് ശക്തികുളങ്ങരയിൽ തിരിച്ചെത്തിയത്.
ആക്രമണത്തിനിരയായ രണ്ട് ബോട്ടുകൾ കൂടി അടുത്ത ദിവസം എത്തും. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

