അത്തമെത്തി; ഇനി പൊന്നോണത്തിന് പത്തുനാൾ
text_fieldsതിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. അത്തപൂക്കളം ഒരുക്കാൻ പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കൊല്ലം അഞ്ചാലുംമൂട്ടിൽ നിന്നുള്ള കാഴ്ച
കൊല്ലം: മലനാടിന്റെ മണ്ണില്‍ മഴക്കാലം പെയ്തുതോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമാണ്. പൊന്നോണത്തിന്റെ വരവറിയിച്ച് അത്തദിനം വന്നെത്തിയിരിക്കുന്നു. ഇനി പത്ത് ദിനം കഴിയുമ്പോൾ പൊന്നോണമിങ്ങെത്തും. കര്‍ക്കടകത്തിന്റെ കറുത്ത കഷ്ടനഷ്ടങ്ങള്‍ക്കെല്ലാം വിരാമമിട്ടാണ് പൊന്നിന് ചിങ്ങമാസത്തിലെ അത്തം പിറക്കുന്നത്.
ഇനി ഓണപരിപാടികളുടെ നാളുകളാണ്. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങടെയും നേതൃത്വത്തിൽ ചെറുതും വലുതുമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഓണപരിപാടികൾ അരങ്ങേറും. ഇന്നുമുതൽ ഓണത്തിന്റെ വരവറിയിച്ച് ആളുകള്‍ വീടുകളിലും സ്ഥാപനങ്ങളിലും പൂക്കളമൊരുക്കാന് തുടങ്ങും. അത്തം മുതല്‍ പത്താം ദിനം വരെ, ഓരോ നിറങ്ങളില്‍ ഓരോ പൂക്കളാല്‍ അത്തപ്പൂക്കളം ഒരുക്കുന്നു.
വിപണികളെല്ലാം സജീവമായിക്കഴിഞ്ഞു. നഗരത്തിലെ തുണിക്കടകളിലാണ് ഏറെയും ഓണത്തിരക്ക്. ആളുകളെ ആകർഷിക്കാൻ വിവിധ ഓഫറുകളും ഡിസ്കൗണ്ടുകളുമാണ് വിപണിയിൽ. ഓണക്കോടി നേരത്തെതന്നെ വാങ്ങിവെക്കാനുള്ള തയാറെടുപ്പിലാണ് എല്ലാവരും. കുടുംബശ്രീ, കൺസ്യൂമർ ഫെഡ്, സപ്ലൈകോ, വിവിധ സഹകരണ സംഘങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള ഓണച്ചന്തകളും ഒരുങ്ങിക്കഴിഞ്ഞു.
ജില്ലയിലെ സ്ഥാപനങ്ങളും ഓഫിസുകളിലുമെല്ലാം ഓണത്തെ വരവേൽക്കാൻ പൂക്കളങ്ങളൊരുക്കിത്തുടങ്ങി. ഓണത്തിന് കളംനിറയെ പൂക്കളമൊരുക്കാൻ നാടൻ പൂക്കൾ റെഡിയാക്കുന്നതിന്റെ തിരക്കിലാണ് പലസ്ഥാപനങ്ങളും. വിദ്യാലയങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന പൂകൃഷി ഇത്തവണയും വൻഹിറ്റാണ്. ഇതോടെ കളംനിറയെ കളറാക്കാൻ നാടൻ പൂക്കൾ നേരത്തെതന്നെയെത്തും. ബന്ദിപ്പൂക്കൾ തന്നെയാണ് ഇത്തവണയും താരം.
കൃഷിവകുപ്പും തദ്ദേശസ്ഥാപനങ്ങളും സഹകരിച്ച് മിക്കയിടങ്ങളിലും കൃഷിചെയ്ത പൂക്കൾ ഇത്തവണയും നാടൻ ചേല് നിറക്കും. 30 ഹെക്ടറിലാണ് ജില്ലയിൽ ബന്ദിപ്പൂക്കൾ മാത്രം കൃഷിചെയ്തിരിക്കുന്നത്. കുടുംബശ്രീ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളുടെയും ഹോട്ടലുകളടെയും കാറ്ററിങ് യൂനിറ്റുകളുടെയും നേതൃത്വത്തിൽ ഓണസദ്യയും വിപണിയിലുണ്ട്.
19കൂട്ടം 22 കൂട്ടം 25 കൂട്ടം എന്നിങ്ങനെയാണ് കുടുംബശ്രീ ഓണസദ്യ. വിവിധ ബേക്കറികളിലാകട്ടെ ഉപ്പേരിയും ശർക്കര വരട്ടിയും തയാറാക്കുന്ന തിരക്കിലാണ്. ഉപഭോക്താക്കളുടെ ഇഷ്ടപ്രകാരം വെളിച്ചെണ്ണയിലും പാമോയിലിലും ഒരുക്കിയ ചിപ്സുകൾ ബേക്കറികളിലെ അലമാരകളിൽ നിറഞ്ഞുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

