നിയമസഭ തെരഞ്ഞെടുപ്പ്; നിയന്ത്രണങ്ങളുണ്ടേ, സൂക്ഷിച്ചോ
text_fieldsകൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നതോടെ കർശന പരിശോധനകൾക്കും നിയന്ത്രണങ്ങൾക്കും കൂടി തുടക്കമായിരിക്കുകയാണ്. സ്ഥാനാർഥികളും രാഷ്ട്രീയകക്ഷികളും പുറത്തിറക്കുന്ന പോസ്റ്ററുകൾ മുതൽ സാധാരണക്കാർ കൈയിൽകരുതുന്ന പണത്തിനും വിലയേറിയ വസ്തുക്കൾക്കും വരെ കണക്കുപറഞ്ഞേ മതിയാകു. ജില്ലയിലുടനീളം പ്രത്യേക സ്ക്വാഡുകൾ വാഹന പരിശോധനകളും കർശനമായി നടത്തും. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ എന്‍. ദേവിദാസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെരുമാറ്റചട്ടത്തിന്‍റെ പശ്ചാത്തലത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
ഹാളുകള്‍ ബുക്ക് ചെയ്യുമ്പോള്‍ വിവരം കൈമാറണം
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനർഥികളോ ഏജന്റുമാരോ രാഷ്ട്രീയകക്ഷികളോ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റിഹാളുകള്‍ എന്നിവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി ബുക്ക് ചെയ്യുമ്പോള്‍ പരിപാടിയുടെ തീയതി, സമയം എന്നിവ അറിയിക്കണം. സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ (ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന) രേഖാമൂലമാണ് അറിയിക്കേണ്ടത്. തെരഞ്ഞെടുപ്പ് കാലയളവിലെ ഇതര ബുക്കിങ് വിവരങ്ങളും ഇതേരീതിയില്‍ അറിയിക്കണം.
അച്ചടിശാല ഉടമസ്ഥര്‍/ മാനേജര്‍മാര്‍ വിവരങ്ങള്‍ നല്‍കണം
പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചരണ സാമഗ്രികള്‍ എന്നിവ അച്ചടിക്കുന്നതിന് ജോലി ഏറ്റെടുക്കുന്ന വ്യക്തി/സ്ഥാപനം സത്യവാങ്മൂലം സൂക്ഷിക്കണം. അച്ചടിക്കുന്ന പ്രചാരണ സാമഗ്രികളില്‍ പ്രിന്റിങ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേല്‍വിലാസവും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം. അവയുടെ രണ്ട് പകര്‍പ്പും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭാ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ക്ക് മൂന്ന് ദിവസത്തിനകം കൈമാറണം. പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.
പണം കൈവശമുള്ളവര്‍ യാത്രവേളയില്‍ രേഖകള്‍ കരുതണം
പൊതുതെരഞ്ഞെടുപ്പ് വേളയില്‍ അനധികൃതമായി പണമോ മറ്റ് സാമഗ്രികളോ കടത്തുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകും. വാഹനങ്ങള്‍ കർശനമായി പരിശോധിക്കും. 50,000 രൂപയില്‍ കൂടുതല്‍ പണം കൈവശമുള്ളവര്‍ യാത്രവേളയില്‍ രേഖകള്‍ കരുതണം. പരിശോധനാവേളയില്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ പരാതി തെളിവ് സഹിതം എക്‌സ്‌പെന്റിച്ചര്‍ ആൻഡ് മോണിറ്ററിങ് ആന്‍ഡ് ഫിനാന്‍സ് ഓഫീസറെ 8547610033 നമ്പരില്‍ അറിയിക്കണം. ജില്ലയിലുടനീളം ഫ്ലയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം എന്നിവയെ വിന്യസിച്ചിട്ടുണ്ട് എന്നും കലക്ടര്‍ അറിയിച്ചു.
ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണം
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എല്ലാ ആയുധ ലൈസന്‍സികളും കൈവശമുള്ള ആയുധങ്ങള്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ അടിയന്തരമായി സറണ്ടര്‍ ചെയ്യണം. വീഴ്ച വരുത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കും. പൊതുമേഖല ബാങ്കുകളുടെ ഉടമസ്ഥതയിലുള്ള ആയുധം ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

