നിയമസഭ തെരഞ്ഞെടുപ്പ്; സീറ്റ് ചർച്ച സജീവം, കൊല്ലത്ത് മുകേഷ് ഉണ്ടാവില്ല
text_fieldsകൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിയതോടെ കൊല്ലത്ത് മുന്നണികളിൽ സീറ്റ് ചർച്ച സജീവമായി. കഴിഞ്ഞ തവണ ആകെയുള്ള 11 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും എൽ.ഡി.എഫിനായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിൽ യു.ഡി.എഫ് മേൽകൈ നേടിയതിന്‍റെ പിൻബലത്തിലും പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം വിലയിരുത്തിയും യു.ഡി.എഫ് ആത്മ വിശ്വാസത്തിലാണ്.
നിലവിലെ എം.എൽ.എമാരിൽ കൊല്ലത്ത് മുകേഷിന് സ്ഥാനാർഥിത്വം ഉണ്ടാകില്ലന്ന് ഏതാണ്ട് ഉറപ്പായി. കശുവണ്ടി വികസന ബോർഡ് ചെയർമാൻ കൂടിയായ പാർട്ടി ജില്ല സെക്രട്ടറിയുടെ താല്ക്കാലിക ചുമതല വഹിക്കുന്ന എസ്. ജയമോഹൻ, ഏരിയ കമ്മിറ്റി അംഗവും ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി അഡ്വ.ഡി. ഷൈൻ ദേവ് എന്നിവരാണ് പരിഗണനയിലുള്ളത്.
യു.ഡി.എഫിൽ കൊല്ലത്ത് കഴിഞ്ഞ തവണ മൽസരിച്ച ബിന്ദു കൃഷ്ണയെ വീണ്ടും പരിഗണിക്കുന്നുണ്ടങ്കിലും വിജയസാധ്യത ഉറപ്പുള്ള സീറ്റിൽ ബിന്ദുവിനെ നിർത്തണമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന് നിർബന്ധമുണ്ട്. അങ്ങനെയെങ്കിൽ കഴിഞ്ഞ തവണ ഇടതുമുന്നണി ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച ചവറയായിരിക്കും ബിന്ദുവിനായി പരിഗണിക്കുക. ചവറയിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർഥിയായ ആർ.എസ്.പിയുടെ ഷിബു ബേബി ജോണിന് കൊല്ലത്ത് കണ്ണുണ്ട്. കോൺഗ്രസ് തന്നെ കൊല്ലത്ത് മൽസരിച്ചാൽ യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു സുനിൽ പന്തളമായിരിക്കും പരിഗണിക്കപ്പെടുന്ന മറ്റൊരാൾ.
മന്ത്രി ചിഞ്ചുറാണി ചടയമംഗലത്ത് വീണ്ടും മത്സരിക്കാനാണ് സാധ്യത. മന്ത്രി കെ.എൻ. ബാലഗോപാൽ കൊട്ടാരക്കരയിലും കെ.ബി. ഗണേഷ് കുമാർ പത്തനാപുരത്തും വീണ്ടും മത്സരിക്കും. രണ്ട് ടേം നിബന്ധനയിൽ ഇളവ് നേടി ഇരവിപുരത്ത് എം. നൗഷാദും ചവറയിൽ സുജിത്ത് വിജയൻപിള്ളയും വീണ്ടും മത്സരിക്കാനാണ് സാധ്യത. പാർട്ടി നിലപാട് പരിഗണിച്ചാൽ ചാത്തന്നൂരിൽ സി.പി.ഐയുടെ ജി.എസ്. ജയലാലിന് സീറ്റ് ലഭിക്കേണ്ടതല്ല. എന്നാൽ കഴിഞ്ഞ രണ്ട് തവണയും ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയ ഇവിടെ ജയലാൽ അല്ലാത്ത ഒരു സ്ഥാനാർഥിക്ക് ജയസാധ്യത ഇല്ലന്നാണ് വിലയിരുത്തൽ.
അതിനാൽ അദ്ദേഹത്തിന് മത്സര കാര്യത്തിൽ പാർട്ടി ഇളവ് നൽകുമെന്നാണ് സൂചന. യു.ഡി.എഫ് ഇവിടെ ഫോർവേഡ് ബ്ലോക്കിന്‍റെ ദേവരാജിന് സീറ്റ് നൽകിയേക്കും. എല്ലാ തവണയും കോൺഗ്രസ് മത്സരിക്കുന്ന ഇവിടെ എടുത്ത് പറയാൻ ഒരു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയാണ്. ഇരവിപുരത്തിന്‍റെ കാര്യത്തിൽ ചർച്ചകൾ സജീവമാണ്. ആർ.എസ്.പിയും മുസ്‍ലിം ലീഗും യു.ഡി.എഫിൽ സീറ്റിനായി അവകാശം ഉന്നയിക്കുന്നുണ്ട്. നിലവിൽ ആർ.എസ്.പി മത്സരിക്കുന്ന ഇവിടെ മാധ്യമ പ്രവർത്തകൻ ബസന്ത് പങ്കജാക്ഷന്‍റെ പേര് പരിഗണനയിലുണ്ട്. പുനലൂർ വെച്ച് മാറി സീറ്റ് ലീഗിന് ലഭിച്ചാൽ ജില്ലപ്രസിഡന്‍റ് നൗഷാദ് യൂനുസും സെക്രട്ടറി സുൽഫിക്കർ അലിയുമാണ് പരിഗണനയിൽ. കോൺഗ്രസ് മത്സരിച്ചാൽ വിജയസാധ്യത കൂടുതലുള്ള ഇരവിപുരത്ത് ജില്ല പഞ്ചായത്തിൽ വലിയ ഭൂരിപക്ഷം നേടിയ ഫൈസൽ കുളപാടത്തെ പരിഗണിച്ചേക്കും.
പുനലൂരിന് പകരം ഇരവിപുരം ലഭിച്ചില്ലെങ്കിൽ ചടയമംഗലം ലീഗ് ആവശ്യപ്പെടുന്നുണ്ട്. അവിടെയാണങ്കിൽ സുൽഫിക്കർ അലിയാവും സ്ഥാനാർഥി. സി.പി.ഐ പുനലൂരിൽ പി.എസ്. സുപാലിനും ഇളവോടുകൂടി മൽസരിക്കാൻ വീണ്ടും അനുവദിച്ചേക്കും. യു.ഡി.എഫിൽ സിറ്റിങ് എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ് കുണ്ടറയിലും സി.ആർ. മഹേഷ് കരുനാഗപള്ളിയിലും വീണ്ടും ജനവിധി തേടും. കുന്നത്തൂരിൽ ഉല്ലാസ് കോവൂർ തന്നെയാവും യു.ഡി.എഫ് സ്ഥാനാർഥി. എം.പിമാർ മത്സരിച്ചാൽ കൊടിക്കുന്നിൽ സുരേഷിന് ഈ മണ്ഡലത്തിൽ കണ്ണുണ്ട്. എൽ.ഡി.എഫിൽ കുന്നത്തൂർ സി.പി.എം ഏറ്റെടുക്കണമെന്ന മുറവിളി ഉയരുന്നുണ്ട്.
അങ്ങനെ വന്നാൽ സിറ്റിങ് എം.എൽ.എ കോവൂർ കുഞ്ഞുമോന് പകരം മുൻ എം.പിയും മുൻ ജില്ലപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന കെ. സോമപ്രസാദായിരിക്കും സ്ഥാനാർഥി. പത്തനാപുരത്ത് യു.ഡി.എഫ് ജ്യോതികുമാർ ചാമക്കാലക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെയും പരിഗണിക്കുന്നുണ്ട്. ചടയമംഗലത്ത് കഴിഞ്ഞ തവണ മത്സരിച്ച എം.എം. നസീർ തന്നെ കോൺഗ്രസിനായി മത്സരിക്കാനാണ് സാധ്യത. ലീഗിന് വേറെ സീറ്റ് കൊടുത്ത് പുനലൂർ കോൺഗ്രസ് ഏറ്റെടുക്കണമെന്ന മുറവിളിയുമുണ്ട്. അങ്ങനെയെങ്കിൽ സഞ്ജീവ് ഖാനാണ് പരിഗണനയിൽ. എം.പിമാരെ പരിഗണിച്ചാൽ യു.ഡിഎഫ് കൺവീനർ അടൂർ പ്രകാശും കണ്ണുവെക്കുന്ന സീറ്റാണ് പുനലൂർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

