വ്യാപാരിയെ ആക്രമിച്ച് കവർച്ച; പ്രതികൾ പിടിയിൽ
text_fieldsകിളികൊല്ലൂർ: വ്യാപാരിയെ ആക്രമിച്ച് കവർച്ച നടത്തിയവർ പൊലീസ് പിടിയിലായി. കിളികൊല്ലൂർ കാട്ടുംപുറത്തു വീട്ടിൽനിന്ന് ഇരവിപുരം വലിയവിള സുനാമി ഫ്ലാറ്റ് ബ്ലോക്ക് നം. 14ൽ വാടകക്ക് താമസിക്കുന്ന വാവാച്ചി എന്ന ദിനേശ് (39), ജോനകപ്പുറം ആറ്റുകാൽ പുരയിടത്തിൽനിന്ന് കൊച്ചുപള്ളിക്ക് സമീപം കോയിവീട്ടിൽ വാടകക്ക് താമസിക്കുന്ന അക്കു എന്ന അക്ബർ ഷാ (26) എന്നിവരാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
ജൂൺ മൂന്നിന് പുലർച്ച മൂന്നോടെ മൂന്നാംകുറ്റി ജങ്ഷനിലെ ജ്യൂസ് സ്റ്റാൾ വ്യാപാരത്തിനു ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്ന ജഗനെ രണ്ട് ബൈക്കുകളിൽ പിൻതുടർന്നെത്തിയ സംഘം ചാത്തിനാംകുളത്തിനു സമീപം ഇയാളുടെ വാഹനത്തിനു കുറകെ നിർത്തി വഴി തടഞ്ഞ് ആക്രമിക്കുകയായിരുന്നു. വാളുപയോഗിച്ച് വെട്ടി പരിക്കേൽപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാളുടെ കൈയിലുള്ള 70,000 രൂപയും 25,000 രൂപ വിലയുള്ള മൊബൈൽ ഫോണും കവർച്ച ചെയ്തു. ഇരുചക്രവാഹനങ്ങളിലായി എത്തിയ സംഘം മുഖംമൂടിയും മാസ്കും വെച്ച് തിരിച്ചറിയാൻ കഴിയാത്ത രീതിയിലാണ് വ്യാപാരിയെ പിൻതുടർന്നെത്തി കവർച്ച നടത്തിയത്. കൊല്ലം സിറ്റി പൊലീസ് മേധാവി ടി. നാരായണന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘവും കിളികൊല്ലൂർ പൊലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ രണ്ടു പേരെ ഒളിസങ്കേതത്തിൽനിന്നും കണ്ടെത്തിയത്. കൊല്ലം സിറ്റി പരിധിയിലെ അമ്പതിലധികം സി.സി ടി.വി കാമറകളും റോഡു സുരക്ഷ കാമറകളും പരിശോധിച്ചാണ് സംഘത്തെ തിരിച്ചറിഞ്ഞത്.
മൂന്നാംകുറ്റി ജങ്ഷനിൽ ജ്യൂസ് സ്റ്റാൾ നടത്തുന്ന ജഗനെ രാത്രിയിൽ പലതവണ നിരീക്ഷിച്ചിരുന്നു. വീട്ടിലേക്ക് ഒറ്റക്ക് വാഹനത്തിൽ പോകുമ്പോഴാണ് തടഞ്ഞുനിർത്തി ആക്രമിച്ചത്. രക്ഷപ്പെട്ട മറ്റു പ്രതികൾ ഉടൻതന്നെ പിടിയിലാവുമെന്ന് സിറ്റി പൊലീസ് മേധാവി അറിയിച്ചു. കൊല്ലം അസി.കമീഷണർ ജി.ഡി. വിജയകുമാറിന്റെ നിർദേശപ്രകാരം കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്റെ നേതൃത്വത്തിൽ സ്പെഷൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ, കിളികൊല്ലൂർ എസ്.ഐമാരായ എ.പി. അനീഷ്, എ.എസ്.ഐ സന്തോഷ്, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ ബൈജു പി. ജെറോം, എസ്.സി.പി.ഒമാരായ സജു, സീനു, മനു, രിപു, രതീഷ്, സി.പി.ഒമാരായ അനീഷ്, പ്രശാന്ത്, ഇമ്മാനുവേൽ, ദീപു, ശിവകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

