അഷ്ടമുടിക്കായൽ സംരക്ഷണ കേസ്; സർക്കാർ അഭിഭാഷകന് ഹൈകോടതിയുടെ ശകാരം
text_fieldsകൊല്ലം: അഷ്ടമുടിക്കായൽ സംരക്ഷണ കേസിൽ നടന്നുവരുന്ന കോടതിയലക്ഷ്യ കേസിൽ വിധി നടപ്പിലാക്കാൻ കോടതിയിൽ വീണ്ടും സർക്കാർ സമയം ചോദിച്ചു. കോടതിയലക്ഷ്യ കേസ് പരിഗണിക്കവെ, സർക്കാർ മാറി പുതിയ സർക്കാർ അധികാരമേറ്റതിനാലാണ് വിധി നടപ്പിലാക്കാൻ വൈകിയതെന്ന് സർക്കാർ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. എന്നാൽ കഴിഞ്ഞ വർഷം ജൂലൈ മാസം പുറപ്പെടുവിച്ച വിധി ഇതുവരെ നടപ്പാക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി സർക്കാർ അഭിഭാഷകനെ ശകാരിച്ചു.
വിധി പൂർണമായും നടപ്പാക്കാൻ പരമാവധി നാല് ആഴ്ച കൂടി മാത്രം അനുവദിക്കുമെന്ന് കോടതി ഉത്തരവിലൂടെ വ്യക്തമാക്കി. നടപ്പാക്കാത്ത പക്ഷം കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകും. ഹരജി കക്ഷിയായ അഡ്വ. ബോറിസ് പോളിന് വേണ്ടി അഡ്വ. അജ്മൽ എ. കരുനാഗപ്പള്ളി കോടതിമുമ്പാകെ ഹാജരായി. വിധിയിലെ ആദ്യഭാഗം മാത്രം നടപ്പിലാക്കിയ സർക്കാർ പിന്നീട് കാലതാമസം വരുത്തുകയാണന്നാണ് ആക്ഷേപം.
വിധി പ്രകാരം അഷ്ടമുടി വെറ്റ്‌ലാൻഡ് മാനേജ്മെന്റ് യുണിറ്റ് സ്ഥാപിച്ചു സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. ആദ്യ യോഗം ഓൺലൈൻ ആയി നടത്തുകയും ചെയ്തു. എന്നാൽ വിധിയിൽ പറയുന്ന പ്രകാരം ഓഫീസ് പ്രവർത്തനമാരംഭിച്ചില്ല. കൂടാതെ പൊതുജനങ്ങൾക്ക് പരാതി നൽകാൻ വെബ്സൈറ്റ് ഉൾപ്പെടെ ആരംഭിക്കണമെന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ യാതൊന്നും ഇതുവരെ ചെയ്തില്ല. വിധി പ്രഹസനമാക്കാൻ അനുവദിക്കില്ലെന്നും കോടതിയലക്ഷ്യ നടപടികൾ മുന്നോട്ടു കൊണ്ടുപോയി വിധി പാലിക്കാത്ത സർക്കാർ ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നത് വരെ നിയമ നടപടികൾ തുടരുമെന്ന് അഡ്വ. ബോറിസ് പോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

