‘വാഹനാപകടത്തിൽ പരിക്കേറ്റ ജീവനക്കാരിക്ക് ഒരുമാസത്തിനകം കുടിശ്ശിക അനുവദിക്കണം’
text_fieldsകൊല്ലം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിലെ ഫീൽഡ് അസിസ്റ്റന്റായ ജീവനക്കാരി 2020 മേയ് മുതൽ 2022 ഫെബ്രുവരി വരെ എടുത്ത അവധി ക്രമപ്പെടുത്തിയ ശേഷം കുടിശ്ശികയുള്ള ശമ്പള ആനുകൂല്യങ്ങൾ ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ അംഗം വി. ഗീത. കാവനാട് സ്വദേശിനി എൽ. ശ്രീലത നൽകിയ പരാതിയിലാണ് നടപടി.
ശ്രീലതയുടെ അപേക്ഷ പരിഗണിക്കുന്നതിൽ അധികൃതരുടെ ഭാഗത്ത് കാലതാമസമുണ്ടായതായി കമീഷൻ ചൂണ്ടിക്കാണിച്ചു. അവധി അനുവദിക്കേണ്ടത് സർക്കാർ തലത്തിലാണെന്നും അവധി ലഭ്യമായാൽ ആനുകൂല്യങ്ങൾ നൽകാമെന്നും ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് ബയോളജിസ്റ്റ് കമീഷനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കമീഷൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയത്.
കായംകുളത്ത് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പരാതിക്കാരിക്ക് കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. പരാതിക്കാരി അവധിക്കായി അപേക്ഷ നൽകിയെങ്കിലും തീരുമാനമായില്ല. അവധി ക്രമീകരിക്കാത്തതിനാൽ ശമ്പള പരിഷ്കരണ ആനുകൂല്യവും ലഭിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. അപകടം കാരണം 60 ശതമാനം വൈകല്യമുണ്ടായതായും പരാതിയിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.