അരിപ്പ-ചെങ്ങറ ഭൂസമരം: സർക്കാർ നിസ്സംഗത തുടരുന്നു
text_fieldsകൊല്ലം: അരിപ്പ-ചെങ്ങറ ഭൂസമരങ്ങളോടുള്ള സർക്കാർ നിസ്സംഗതയിൽ പ്രതിഷേധം ശക്തം. സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ വർഷങ്ങൾ കഴിഞ്ഞിട്ടും പാലിക്കാത്ത സ്ഥിതിയാണ്.
പതിറ്റാണ്ട് പിന്നിട്ട സമരം പരിഹരിക്കാൻ ഒന്നരവർഷം മുമ്പ് റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നതലയോഗം ചേർന്നിരുന്നു. റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിൽ നിന്നും മിച്ചഭൂമി ഏറ്റെടുത്ത് നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നാണ് അന്ന് അറിയിച്ചിരുന്നത്. ഇതിന് സർവേ നടത്തുന്നതിന് പുനലൂർ തഹസിൽദാരെ ചുമതലപ്പെടുത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല.
റിഹാബിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡിന്റെ (ആർ.പി.എൽ) ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സങ്ങളുണ്ടെങ്കിൽ ഹാരിസൺസ് പ്ലാന്റേഷൻ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാൻ ഇടപെടൽ നടത്തണമെന്നാണ് സമരസമിതിയുടെ ആവശ്യം. പുനലൂർ താലൂക്കിൽ ഹാരിസൺസിന്റെ കൈവശമുള്ളത് 11000 ഏക്കർ ഭൂമിയാണ്. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഹാരിസൺസിന്റെ ഹരജി ദിവസങ്ങൾക്ക് മുമ്പ് പുനലൂർ കോടതി തള്ളിയിരുന്നു. ഹാരിസൺസിന്റെ കൈവശമുള്ള 11000 ഏക്കറോളം ഭൂമി വിട്ടുകിട്ടുന്നതിനായി കലക്ടർ വാദിയായുള്ള കേസ് നിയമപരമായി നിലനിൽക്കില്ലെന്ന ഹാരിസൺ മലയാളം കമ്പനിയുടെയും റിയ റിസോർട്ടിന്റെയും ഉപഹരജിയാണ് കോടതി തള്ളിയത്. കേസ് നിയമപരമായി നിലനിൽക്കുമെന്ന് പുനലൂർ സബ് ജഡ്ജി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഹാരിസൺ മലയാളം കൈവശപ്പെടുത്തിയ ഭൂമിയും കമ്പനി കൈമാറിയ ഭൂമിയും സർക്കാർ ഭൂമിയായി പ്രഖ്യാപിക്കുന്നതിന് സംസ്ഥാനത്തുടനീളം കേസ് ഫയൽ ചെയ്യാൻ 2019 ജൂൺ രണ്ടിനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്.
2018ലെ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയെ തുടർന്നാണ് സർക്കാറിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ സിവിൽ കേസുകൾ ഫയൽ ചെയ്തത്. കലക്ടർ വാദിയായി അഞ്ച് കേസുകൾ പുനലൂർ കോടതിയിലും ഒരു കേസ് കൊല്ലം സബ് കോടതിയിലും ഫയൽ ചെയ്യുകയായിരുന്നു. സമാനമായി മറ്റ് ജില്ലകളിലും കേസുകൾ നിലവിലുണ്ട്. കൊല്ലത്ത് 4.5 ഏക്കർ ഭൂമി ഇതിനിടെ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
അരിപ്പ ഭൂസമരം മൂന്നുമാസത്തിനകം പരിഹരിക്കാമെന്ന് 2018 ഒക്ടോബർ ഒമ്പതിന് റവന്യൂ-വനം മന്ത്രിമാരുടെ സാന്നിധ്യത്തിൽ ആദിവാസി ദലിത് മുന്നേറ്റ സമിതി നേതാക്കളുമായുള്ള ചർച്ചയിൽ തീരുമാനിച്ചിരുന്നു. തുടർന്ന് സമരഭൂമി സന്ദർശിച്ച് റവന്യൂ ഉദ്യോഗസ്ഥർ വിവര ശേഖരണം നടത്തി. ഉദ്യോഗസ്ഥർ സമരഭൂമി സന്ദർശിച്ച ദിവസം സ്ഥലത്തില്ലാതിരുന്ന കുടുംബളെക്കൂടി ഉൾപ്പെടുത്തി പട്ടിക പ്രസിദ്ധീകരിക്കണമെന്ന നിർദേശം പാലിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

