ആയൂർ ഗവ. എൽ.പി സ്കൂളിൽ സാമൂഹിക വിരുദ്ധ ശല്യം
text_fieldsആയൂർ ഗവ. എൽ.പി സ്കൂളിലെ മരച്ചീനി
നശിപ്പിച്ചനിലയിൽ
അഞ്ചൽ: ആയൂർ ഗവ. എൽ.പി സ്കൂളും പരിസരവും സാമൂഹിക വിരുദ്ധരുടെ പിടിയിൽ. ടോയ് ലറ്റിലിരുന്ന ബക്കറ്റിൽ മല വിസർജനം നടത്തുകയും സ്കൂൾ വളപ്പിലെ വിളവെടുപ്പിന് പ്രായമായ മരച്ചീനി പിഴുതുകൊണ്ടുപോകുകയും ചെയ്തു.
ഞായർ, തിങ്കൾ ദിവസങ്ങളിലെ അവധിക്ക് ശേഷം ചൊവ്വാഴ്ച രാവിലെ സ്കൂളിലെത്തിയ പാചകത്തൊഴിലാളിയാണ് ടോയ്ലറ്റും പരിസരവും മലിനമാക്കപ്പെട്ടത് കണ്ടത്. സ്കൂൾ മുറ്റത്തെ പുളിഞ്ചി മരത്തിലെ കായ്കൾ പറിച്ചെടുത്തു ബാത്റൂമിന് പിറകുവശത്ത് കൊണ്ടുവച്ചതായും കണ്ടെത്തി.
ഹെഡ്മിസ്ട്രസ് ചടയമംഗലം പൊലീസിൽ പരാതി നൽകി. സ്കൂളിന്റെ മുൻവശത്ത് എം.സി റോഡിന് അഭിമുഖമായ പ്രവേശന കവാടത്തിന് ഗേറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇടതുവശത്തുകൂടിയുള്ള വഴിയിലൂടെ സഞ്ചരിച്ചാൽ സ്കൂളിലെത്താൻ തടസ്സമില്ല.
ഈ സ്ഥലത്ത് വീടുകളോ വ്യാപാര സ്ഥാപനങ്ങളോ ഇല്ലാത്തതിനാൽ സാമൂഹിക വിരുദ്ധർ തമ്പടിക്കാറുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏതാനും ദിവസം മുമ്പ് ആയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം ഉൾപ്പെടെ സാമൂഹിക വിരുദ്ധ ശല്യം ഉണ്ടായി, പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

