അഞ്ജനയുടെ മരണം: ഞെട്ടലിൽ സഹപ്രവർത്തകരും ജന്മനാടും
text_fieldsഅപകടത്തിൽപ്പെട്ട അഞ്ജനയുടെ സ്കൂട്ടർ
ശാസ്താംകോട്ട: അഞ്ജനയുടെ അപ്രതീക്ഷിത വേർപാടിൽ പകച്ച് കരിന്തോട്ടുവ ബാങ്കിലെ സഹപ്രവർത്തകരും ജന്മനാടും. കൊല്ലം - തേനി ദേശീയപാതയിൽ ഭരണിക്കാവിന് സമീപം ഊക്കൻ മുക്കിൽ ചൊവ്വാഴ്ച രാവിലെ 9.45 ഓടെ ഉണ്ടായ വാഹനാപകടത്തിലാണ് ദാരുണാന്ത്യം സംഭവിച്ചത്. സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ചതോടെ നിയന്ത്രണം വിട്ട് തൊട്ടുപിറകെ വന്ന സ്വകാര്യ ബസിൽ ഇടിക്കുകയും സ്കൂട്ടർ ഓടിച്ചിരുന്ന അഞ്ജന(25)റോഡിൽ വീണ് തൽക്ഷണം മരിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്താൽ അഞ്ജന ഓടിച്ചിരുന്ന സ്കൂട്ടറിന്റെ പിൻഭാഗം ഭാഗികമായി കത്തിനശിക്കുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് റോഡിൽ തളംകെട്ടി കിടന്ന രക്തവും മറ്റും കഴുകി റോഡ് വൃത്തിയാക്കിയത്.
തൊടിയൂരിലെ വീട്ടിൽ നിന്നും ഭരണിക്കാവിലെത്തി കടപുഴ റൂട്ടിൽ പഴയ ബസ് സ്റ്റാൻഡിൽ നിന്നും തിരിഞ്ഞ് ബണ്ട് റോഡിലൂടെ ബാങ്കിലെത്തുന്നതാണ് പതിവ്. കരുനാഗപ്പള്ളി തൊടിയൂർ ശാരദാലയം വീട്ടിൽ പരേതനായ മോഹനന്റെയും തൊടിയൂർ സഹകരണ ബാങ്കിലെ സ്വീപ്പറായ അജിതയുടെയും മകളായ അജ്ഞന ഒന്നരമാസം മുമ്പാണ് സഹകരണ ബാങ്ക് ടെസ്റ്റ് പാസായി കരിന്തോട്ടുവയിൽ ജോലിയിൽ പ്രവേശിച്ചത്.
ഒരു വർഷം മുമ്പാണ് പിതാവ് മരിച്ചത്. മൂത്ത സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. ജോലി ലഭിച്ചതിനു ശേഷം അഞ്ജനയുടെയും വിവാഹവും ഉറപ്പിച്ചിരുന്നു. ഒക്ടോബർ 19 ന് വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹം ക്ഷണിക്കലും മറ്റും തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിന്നിരുന്ന കുടുംബമായിരുന്നു അഞ്ജനയുടേത്. കരിന്തോട്ടുവ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചിട്ട് ആറ് ആഴ്ചകളേ ആയിട്ടുള്ളുവെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് സഹപ്രവർത്തകർക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

