മൃഗങ്ങൾക്ക് ചികിത്സ ഇനി വീട്ടുമുറ്റത്ത്
text_fieldsമൊബൈല്‍ വെറ്ററിനറി-സര്‍ജറി യൂനിറ്റുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കുന്നു
കൊല്ലം: വീട്ടിലെ മൃഗങ്ങൾക്ക് ചികിത്സ ആവശ്യമെങ്കിൽ ഫോൺകോളിൽ മുറ്റത്ത് ചികിത്സ സൗകര്യമെത്തുന്ന പദ്ധതി ഇനി ജില്ലയിലെങ്ങും. മൊബൈൽ വെറ്ററിനറി യൂനിറ്റ് ചികിത്സ സൗകര്യം സംസ്ഥാനത്താകെ വ്യാപിപ്പിച്ചതിന്റെ ഭാഗമായി കൊല്ലത്ത് മൂന്ന് ബ്ലോക്കുകളിൽ കൂടി യൂനിറ്റ് പ്രവർത്തനത്തിന് തുടക്കമായി.
കൊല്ലം കേന്ദ്രീകരിച്ച് സർജറി യൂനിറ്റ് പ്രവർത്തനവും തുടങ്ങി. ഇത്തിക്കര, കൊട്ടാരക്കര, ചവറ ബ്ലോക്കുകളിൽ ആണ് പുതിയതായി മൊബൈൽ വെറ്ററിനറി യൂനിറ്റ് ആരംഭിക്കുന്നത്.
നേരത്തെ ചടയമംഗലം, അഞ്ചൽ ബ്ലോക്കുകളിൽ മൊബൈൽ യൂനിറ്റ് സേവനം ലഭ്യമാണ്. ഇതോടെ ജില്ലയിൽ അഞ്ചിടത്ത് സേവനം ഉറപ്പായി.
1962 ടോള്‍ ഫ്രീ കോള്‍ സെന്റര്‍ നമ്പറിലേക്ക് വിളിച്ചാല്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ അഞ്ച് വരെ സേവനം വീട്ടിലെത്തും. പുതുതായി പ്രവർത്തനം ആരംഭിച്ച ചവറ ബ്ലോക്കിലെ വാഹനം അരിനല്ലൂര്‍ മൃഗാശുപത്രിയിലും ഇത്തിക്കരയിലെ വാഹനം ചാത്തന്നൂര്‍ മൃഗാശുപത്രിയിലും കൊട്ടാരക്കര യൂണിറ്റ് കുഴിക്കാട് വെറ്ററിനറി ഡിസ്പന്സറിയിലുമാണ് ക്യാമ്പ് ചെയ്യുന്നത്.
പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാരും ഡ്രൈവര്‍ കം അറ്റന്‍ഡന്റും ആണ് ഓരോ മൊബൈൽ യൂനിറ്റിലും സേവനം നൽകാൻ ഉള്ളത്. വാഹനത്തില്‍ സജ്ജമാക്കിയ ക്യൂ.ആര് കോഡ് സ്കാന്‍ ചെയ്ത് കര്‍ഷകര്‍ക്ക് ബില്‍ അടക്കാനാകും. മൊബൈല്‍ വെറ്ററിനറി യൂനിറ്റുകളുടെയും സര്‍ജറി യൂനിറ്റുകളുടെയും ഫ്ലാഗ് ഓഫ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു.
ജില്ല വെറ്ററിനറി കേന്ദ്രത്തില്‍ പുതിയ സര്‍ജറി യൂനിറ്റും ഇതോടൊപ്പം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തുകള്‍ പദ്ധതി വിഹിതമുപയോഗിച്ച് മരുന്നുകള്‍ കൂടി വാങ്ങി നല്‍കുന്നത് കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നും മന്ത്രി പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപന് അധ്യക്ഷത വഹിച്ചു. ഡോ. സുജിത്ത് വിജയന് പിള്ള എം.എല്‍.എ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, നഗരസഭ കൗണ്‍സിലര്‍ ബി. ഷൈലജ, മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ ട്രെയിനിങ് ഓഫിസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. എ.എല്‍. അജിത്, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എസ്. പ്രമോദ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഷീബ പി. ബേബി, ഡോ. ആര്. ബിന്ദു എന്നിവർ സംസാരിച്ചു.
മൊബൈൽ യൂനിറ്റിലെ ചികിത്സ നിരക്ക്
- കന്നുകാലികൾ-450 രൂപ
- അരുമ മൃഗങ്ങൾക്ക്- 950
- ആടുകൾക്ക് പ്രസവ സംബന്ധമായ ചികിത്സ- 1,450
- പശു / എരുമ സങ്കീർണ പ്രസവ കേസുകൾ- 2,000
- ഗർഭപാത്രം പുറത്തേക്ക്
- തള്ളൽ- 2,500
- ടോർഷൻ- 2,000
- സിസേറിയൻ- 4,000
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

