എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsമുജീബ്, മാഹിൻ
അഞ്ചാലുംമൂട്: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാക്കളെ പൊലീസ് പിടികൂടി. തൃക്കരുവ കാഞ്ഞാവേളി വന്മള തെക്കേച്ചേരി മാവുമ്മേൽ തെക്കതിൽ എസ്. മുജീബ് (26), തൃക്കരുവ തെക്കേചേരിയിൽ വന്മള മാവുമ്മേൽ വീട്ടിൽ എസ്. മാഹീൻ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 46.35 ഗ്രാം എം.ഡി.എം.എയും 9.57 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
എം.ഡി.എം.എ ഇത്രയും ഉയർന്ന അളവിൽ ജില്ലയിൽ പിടികൂടുന്നത് ആദ്യമാണ്. കഴിഞ്ഞ കുറേ നാളായി ജില്ലയിൽ പല സ്ഥലങ്ങളിലും മയക്കുമരുന്ന് പിടികൂടിയതിനെ തുടർന്ന് പൊലീസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയിൽ എത്തിക്കുന്ന മയക്കുമരുന്ന് വിദ്യാർഥികൾക്കും യുവതീ യുവാക്കൾക്കും എത്തിച്ച് നൽകുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ബംഗളൂരുവിൽനിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ചില്ലറ വിപണനം നടത്തി വരുന്നവരാണ് പിടിയിലായവരെല്ലാം. ജില്ല പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ജില്ല ഡാൻസാഫ് ടീമും അഞ്ചാലുംമൂട് പൊലീസും സംയുക്തമായി പരിശോധന നടത്തുകയായിരുന്നു.
ജില്ലാ ഡാൻസാഫ് ടീമിന്റെ ചുമതലയുള്ള അസി. പൊലീസ് കമീഷണർ സക്കറിയ മാത്യു, കൊല്ലം അസി. കമീഷണർ ജി.ഡി. വിജയകുമാർ, അഞ്ചാലുംമൂട് എസ്.എച്ച്.ഒ നകുൽ രാജേന്ദ്ര ദേശ്മുഖ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജൻ, ഡാൻസാഫ് എസ്.ഐ ആർ. ജയകുമാർ, എസ്.ഐമാരായ വി. അനീഷ്, ജയപ്രകാശ്, ബാബുക്കുട്ടൻ, റഹിം, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സി.പി.ഒമാരായ സജു, മനു, സീനു, രിപു, രതീഷ്, ലിനു ലാലൻ സി.പി.ഒമാരായ റോസി, ലാലു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

