പള്ളി വികാരിയെയും സഹായിയെയും ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsഅഞ്ചാലുംമൂട്: പള്ളി വികാരിയെയും സഹായിയെയും ആക്രമിച്ച കേസിൽ രണ്ടുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാലുംമൂട് തൃക്കരുവ നടുവില പള്ളി താഴതിൽ വീട്ടിൽ വിഷ്ണു (31), തൃക്കരുവാ നടുവില ചേരിയിൽ ഇടക്കാട്ടു തെക്കേ പുത്തൻവീട്ടിൽ നിന്നും പള്ളി താഴതിൽ വീട്ടിൽ വാടകക്ക് താമസിക്കുന്ന മനീഷ് (32) എന്നിവരാണ് പിടിയിലായത്.
ഇഞ്ചവിള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വക പുരയിടത്തിൽ കഴിഞ്ഞ ദിവസം യന്ത്രസഹായത്തോടെ കാടുവെട്ടിത്തെളിച്ചിരുന്നു. ഉണങ്ങിയ പുല്ലിൽ തീയിട്ടത് സംബന്ധിച്ച് അയൽവാസികളായ പ്രതികൾ പള്ളി വികാരിയുടെ സഹായിയായ റോഷനുമായി വഴക്കുണ്ടായി. ഇത് സമാധാനിപ്പിക്കാൻ ചെന്ന പള്ളി വികാരിയായ മാത്യു തോമസിനെ പ്രതികൾ കമ്പ് കൊണ്ട് അടിച്ചു എന്നാണ് കേസ്.
അടികൊണ്ട് വികാരിയുടെ വലതുകൈയിലെ വിരലിന് പൊട്ടലേറ്റു. വികാരി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്. അഞ്ചാലുംമൂട് ഇൻസ്പെക്ടർ സി. ദേവരാജൻ, എസ്.ഐമാരായ വി. അനീഷ്, റഹിം, ബാബുക്കുട്ടൻപിള്ള എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.