ബൈപാസിൽ തെരുവുവിളക്കുകൾ കത്തുന്നില്ല; യാത്രക്കാർ ദുരിതത്തിൽ
text_fieldsതെരുവുവിളക്കുകൾ പ്രകാശിപ്പിക്കാത്തതിനാൽ ഇരുട്ടിലായ
കൊല്ലം ബൈപാസ്
അഞ്ചാലുംമൂട്: കൊല്ലം ബൈപാസിൽ തെരുവുവിളക്കുകൾ കത്താത്തത് യാത്രക്കാരെ വലക്കുന്നു. ഇവിടെ വലിയ അപകട സാധ്യതയാണ് ഇതുകാരണമുള്ളത്. ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കേബിളുകൾ മാറ്റിയത് കാരണമാണ് വിളക്കുകൾ പ്രകാശിപ്പിക്കാത്തത്. എന്നാൽ, പകരം സംവിധാനം ഇതുവരെ ഏർപ്പെടുത്തിട്ടില്ല. നിർമാണത്തിന്റെ ഭാഗമായ യന്ത്രങ്ങളും വാഹനങ്ങളും ബൈപാസിന്റെ വശങ്ങളിലാണ് നിർത്തിയിട്ടിരിക്കുന്നത്. ഈ പ്രദേശങ്ങളിലെങ്കിലും വിളക്കുകളോ പകരം സംവിധാനങ്ങളോ സ്ഥാപിക്കാൻ അധികൃതർ തയാറായിട്ടില്ല.
ഇരുട്ടത്ത് റോഡരികിലെ വാഹനങ്ങൾ കാണാതെ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നുണ്ട്. വെളിച്ചം ഇല്ലാത്തതിനാൽ ഇടറോഡിൽ നിന്നു വരുന്ന യാത്രക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. പല സ്ഥലങ്ങളിലും റോഡിന്റെ ഭാഗത്ത് താൽക്കാലിക ഡിവൈഡറുകൾ െവച്ചിരിക്കുന്നതും വെളിച്ചം ഇല്ലാത്തതിനാൽ കാണാൻ കഴിയാത്ത അവസ്ഥയാണ്.