തിരുനല്ലൂർ കരുണാകരൻ ഓർമയായിട്ട് 17 വർഷം
text_fieldsതിരുനല്ലൂർ
കരുണാകരൻ
അഞ്ചാലുംമൂട്: കാവ്യലോകത്ത് വേറിട്ട ശൈലിയും ആസ്വാദന ലോകവും സ്വന്തമാക്കിയ കവി തിരുനല്ലൂർ കരുണാകരൻ ഓർമയായിട്ട് 17വർഷം. അഷ്ടമുടിക്കായലിന്റെ ഓളങ്ങളും തീരങ്ങളും ഏറെ പ്രിയപ്പെട്ടതായിരുന്ന കവിയുടെ സ്മരണപുതുക്കാൻ തിരുനല്ലൂർ സ്മൃതി കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് അഞ്ചാലുംമൂട്ടിൽ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്.
അഷ്ടമുടിയുടെ പശ്ചാത്തലത്തിൽ രചിച്ച ‘റാണി’ ഏവരുടെയും പ്രിയപ്പെട്ട കവിതയാണ്. കയർ തൊഴിലാളിയായ റാണിയും വള്ളക്കാരനായ നാണുവും തമ്മിലുള്ള പ്രണയത്തെ പുരോഗമന ചിന്തയിലൂടെ വായനക്കാരനിലേക്കെത്തിക്കുകയായിരുന്നു കവിതയിലൂടെ. കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുകയും, ജീവിതാന്ത്യം വരെ കമ്യൂണിസ്റ്റ് ആശയങ്ങൾക്കൊപ്പം നിൽക്കുകയുമായിരുന്നു തിരുനല്ലൂർ.
കവി, അധ്യാപകൻ, ഭാഷ പണ്ഡിതൻ, വിവർത്തകൻ എന്നീ നിലകളിൽ മലയാളത്തിന് മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിനായി. ‘കാറ്റേ നീ വീശരുതിപ്പോൾ...’ എന്ന് തുടങ്ങുന്ന തിരുനല്ലൂരിന്റെ ഗാനം സംഗീതാസ്വാദകരെ ഏറെ ആകർഷിച്ചു.
സ്നേഹവും കാരുണ്യവുമാണ് തിരുനല്ലൂർ കവിതകളുടെ പ്രത്യേകതകളെന്ന് സാഹിത്യ വിമർശകർ വിലയിരുത്തുന്നു. തിരുനല്ലൂരിന്റെ ലളിതഗാനങ്ങൾ, കുട്ടിക്കവിതകൾ, നാടകഗാനങ്ങൾ എന്നിവയും ചർച്ച ചെയ്യപ്പെട്ടു. മേഘസന്ദേശം ആദ്യമായി ദ്രാവിഡ വൃത്തത്തിലേക്ക് മൊഴിമാറ്റം ചെയ്തതും തിരുനല്ലൂരാണ്.