താന്നിക്കമുക്ക് വാർഡിലെ പൊതുകുളം സംരക്ഷിക്കാൻ നടപടി
text_fieldsപനയം താന്നിക്കമുക്കിലെ പൊതുകുളം സംരക്ഷിക്കുന്നതിന്റെ ഭാഗമായി
കാടുകൾ വെട്ടിത്തെളിച്ച് മാലിന്യം നീക്കം ചെയ്യുന്നു
അഞ്ചാലുംമൂട്: പനയം പഞ്ചായത്തിലെ താന്നിക്കമുക്ക് വാർഡിലെ പൊതുകുളം സംരക്ഷിക്കാൻ നടപടി ആരംഭിച്ചു. അധികൃതരുടെ അനാസ്ഥയിൽ കുളം നശിക്കുന്നതു സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞ മാസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
കടുത്ത വേനലിലും ജലം ലഭിക്കുന്ന വർഷങ്ങൾ പഴക്കമുള്ള കുളമാണ് സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയത്. പനയം പഞ്ചായത്തും ചിറ്റുമല ബ്ലോക്കും ചേർന്ന് അഞ്ചു ലക്ഷം രൂപ വീതം വിനിയോഗിച്ചാണ് നവീകരണം നടത്തുന്നത്. കാടുകൾ വെട്ടിത്തെളിച്ച് മാലിന്യ നീക്കം ആരംഭിച്ചു. സംരക്ഷണവേലി നിർമിച്ച് വേനൽക്കാലത്ത് ഉപയോഗപ്രദമായ രീതിയിലാണ് നിർമാണം നടത്താൻ ലക്ഷ്യമിടുന്നതെന്നും മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ കാമറകൾ സ്ഥാപിക്കുമെന്നും പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ. രാജശേഖരൻ പറഞ്ഞു.