പലിശപ്പണം നൽകാൻ താമസിച്ചതിന് യുവാവിന് മർദനം: നാലുപേർ അറസ്റ്റിൽ
text_fieldsയുവാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ
അഞ്ചൽ: വായ്പ വാങ്ങിയ പണത്തിന്റെ പലിശപ്പണം നൽകാൻ കാലതാമസം വരുത്തിയതിന് യുവാവിനെ നാലംഗ സംഘം ക്രൂരമായി മർദിച്ചു. അക്രമി സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറി. ഏരൂർ ചിത്തിരയിൽ സൈജു (52), ഏരൂർ കാവഴികം വീട്ടിൽ അനിൽ കുമാർ (കൊച്ചനി-52), ഏരൂർ കരിമ്പിൻ കോണം കുഴിവിള വീട്ടിൽ റീനു പ്രസാദ് (ഉണ്ണി - 35), അലയമൺ കടവറം ഷീലാ സദനത്തിൽ ബി.എസ്. നന്ദു (28) എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
ഏരൂർ സ്വദേശി വിഷ്ണു (28)വിനാണ് മർദനമേറ്റത്. കല്ലുകൊണ്ട് അടിയേറ്റും തലക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റനിലയിൽ വിഷ്ണുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ടര മണിയോടെ പനച്ചവിള ജങ്ഷനിലാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ വിഷ്ണു സൈജുവില്‍നിന്ന് ഏതാനും മാസം മുമ്പ് ഒന്നരലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. ഇതിന്റെ പലിശ മുടങ്ങിയതിനെ തുടര്‍ന്നാണ് സൈജുവും സംഘവും പനച്ചവിളയിലെത്തി വിഷ്ണുവിനെ മര്‍ദിച്ചതത്രേ.
പലിശയെച്ചൊല്ലി സൈജുവും സംഘവുമായി വിഷ്ണു വാക്കേറ്റമുണ്ടാകുകയും തുടർന്ന് സ്ഥലത്തുനിന്ന് ബൈക്കില്‍ കയറി പോകാന്‍ ശ്രമിക്കവേ സൈജുവിന്റെ സുഹൃത്ത് വിഷ്ണുവിനെ പിടിച്ചു നിര്‍ത്തുകയും സൈജു കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു.
ആക്രമണം തുടര്‍ന്നതോടെ നാട്ടുകാര്‍ രംഗത്തെത്തുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് അഞ്ചല്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എസ്.ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

