പാഠ്യേതര പദ്ധതികളിലും തിളങ്ങി വയലാ എൻ.വി.യു.പി.എസ്
text_fieldsവയലാ എൻ.വി.യു.പി സ്കൂളിലെ വിദ്യാർഥികൾ ജൈവ നെൽകൃഷി പാടത്ത്
അഞ്ചൽ: പൊതുവിദ്യാലയങ്ങളിലെ മികച്ച മാതൃകകൾ ദൃശ്യവത്കരിക്കുന്ന ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിലേക്ക് അഞ്ചൽ ഉപജില്ലയിലെ വയലാ എൻ.വി.യു.പി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് 110 സ്കൂളുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതിൽ കൊല്ലം ജില്ലയിലെ ഏക യു.പി സ്കൂളാണിത്.
കോവിഡ്കാലത്തെ പഠന പ്രവർത്തനങ്ങൾ മുതൽ സ്കൂൾ നടത്തുന്ന അക്കാദമിക പ്രവർത്തനങ്ങളും പരിസ്ഥിതി പ്രവർത്തനങ്ങളും ശുചിത്വ പദ്ധതികളും ചിത്രീകരിച്ച് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നുണ്ട്. സ്കൂളിലും വീട്ടിലും ഉണ്ടാകുന്ന പാഴ് വസ്തുക്കളെ കൗതുക വസ്തുക്കളാക്കി വിൽപന നടത്തുന്ന ‘പുനർജനി’ കട സ്കൂളിന്റെ നേതൃത്വത്തിൽ വയലാ ജങ്ഷനിൽ പ്രവർത്തിക്കുന്നു.
വലിച്ചെറിയപ്പെടുന്ന മാലിന്യം കുറക്കുന്നതിനോടൊപ്പം കൗതുകവസ്തുക്കളുടെ വിൽപനയിലൂടെ ലഭിക്കുന്ന തുക കുട്ടികൾ ജീവകാരുണ്യ പ്രവർത്തനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
കുട്ടികൾക്കായി ലോകോത്തര സിനിമകൾ പ്രദർശിപ്പിക്കുന്ന കുട്ടികളുടെ സിനിമാലോകം, ജൈവ നെൽകൃഷി, സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന ചരിത്രാന്വേഷണ പ്രോജക്ട് തുടങ്ങിയവയാണ് സ്കൂൾ അക്കാദമികതലത്തിൽ നടപ്പാക്കിയത്. വയലാ സൈനിക കൂട്ടായ്മയുടെ സഹായത്തോടെ സ്കൂളിൽ നടപ്പിലാക്കിയ കായിക പരിശീലന പദ്ധതിയും ഹരിത വിദ്യാലയത്തിലൂടെ അവതരിപ്പിക്കുന്നു.
യൂനിസെഫ് സോഷ്യൽ പോളിസി ഓഫിസറായ പിയൂഷ് ആന്റണി, പരിസ്ഥിതി പ്രവർത്തകനായ ഇ.കുഞ്ഞിക്കൃഷ്ണൻ ,അധ്യാപകരായ നാരായണനുണ്ണി, ഷാനവാസ് തുടങ്ങിയ വിദഗ്ധരാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ഉപജില്ല, ജില്ല സ്കൂൾ കലോത്സവങ്ങളിൽ നിരവധി പുരസ്കാരങ്ങളും ഓവറോൾ ചാമ്പ്യൻഷിപ്പും നേടി മികവ് പുലർത്തുന്നുണ്ട് ഈ വിദ്യാലയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

