കുന്നുമ്പുറത്ത് അജ്ഞാതനെ കണ്ടെന്ന്; നാട്ടുകാർ ‘കുറുവ’ പേടിയിൽ
text_fieldsഏരൂർ കുന്നുംപുറത്ത് രാത്രികാലങ്ങളിൽ കാണപ്പെട്ടയാളുടെ സി.സി.ടി.വി ദൃശ്യം
അഞ്ചൽ: കുറുവ മോഷ്ടാക്കളെപ്പോലെ അടിവസ്ത്രം മാത്രം ധരിച്ച് രാത്രികാലങ്ങളിൽ മാത്രം പ്രദേശത്ത് കാണപ്പെട്ട ആളിനെ ഭയന്ന് നാട്ടുകാർ. ഏരൂർ പഞ്ചായത്തിലെ കുന്നുംപുറം പ്രദേശത്താണ് അപരിചിതനായ ഒരാളെ കഴിഞ്ഞദിവസം രാത്രിയിൽ കാണപ്പെട്ടത്. അടിവസ്ത്രം മാത്രം ധരിച്ച യുവാവ് ചുറ്റിനടക്കുന്നതിെന്റ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനാൽ പ്രദേശത്ത് പരിഭ്രാന്തി പടരുകയാണ്. കേരളത്തിന്റെ പല ഭാഗങ്ങളിലായി എത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്ന ‘കുറുവ’ സംഘത്തിൽപ്പെട്ട ആളായിരിക്കാമെന്ന പ്രചാരണവും ശക്തമാണ്.
കഴിഞ്ഞദിവസം പുലർച്ച റബർ ടാപ്പിങ് തൊഴിലാളിയായ ബാബുവിലാസത്തിൽ ബാബു യുവാവിനെ കണ്ടതായാണ് പറയപ്പെടുന്നത്. പുലർച്ച നാലോടെ ടാപ്പിങ്ങിനായി നടക്കവേ വഴിയിൽ കണ്ട ആൾരൂപം കുറ്റിക്കാട്ടിലേക്ക് ഓടിമറഞ്ഞതായാണ് ഇദ്ദേഹം പറയുന്നത്. ആരാണെന്ന് ചോദിച്ചപ്പോൾ ബാബുവിന് നേരെ യുവാവ് പാഞ്ഞടുത്തു. ബഹളംെവച്ച് ആളെ കൂട്ടിയപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞത്രെ. സാമാന്യം ഉയരമുള്ള പുതുനിറത്തിലുള്ള 40 വയസ്സ് തോന്നിക്കുന്നയാളാണെത്ര. അന്ന് രാത്രി 12 ഓടെ പ്രദേശവാസിയായ മറ്റൊരാളും ഈ അപരിചിതനെ കണ്ടതായി പറയപ്പെടുന്നു. സംഭവമറിഞ്ഞ് ഏരൂർ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. മനോനില തെറ്റിയ ആരെങ്കിലുമാണോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. രാത്രികാല പട്രോളിങ് പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

