അഞ്ചൽ: ക്ഷേത്രത്തിന് സമീപത്തായി രാത്രിയിൽ കക്കൂസ് മാലിന്യം ഒഴുക്കിയ നിലയിൽ. തടിക്കാട്-പൊലിക്കോട് റോഡിൽ അറയ്ക്കൽ ദേവീക്ഷേത്രത്തിനോടനുബന്ധിച്ചുള്ള ചാവരുകാവിന് സമീപത്തുള്ള ഏലായിലേക്കാണ് ദ്രവരൂപത്തിലുള്ള കക്കൂസ് ദ്രാവകം ഒഴുക്കിയത്. പുലർച്ചെ ഇതുവഴി യാത്ര ചെയ്തവർക്ക് ദുർഗന്ധം അനുഭവ പ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മാലിന്യം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും സ്ഥലത്ത് ബ്ലീച്ചിങ് പൗഡർ വിതറുകയും ചെയ്തു.
അടുത്തമാസം നടക്കുന്ന ക്ഷേത്രോത്സവത്തിെൻറ പ്രധാന ആചാരങ്ങളായ കെട്ടുവിളക്കെടുപ്പും കൊടിയെഴുന്നള്ളത്തും നടക്കുന്ന ഏലായോട് ചേർന്നുള്ള ഭാഗത്താണ് മാലിന്യമൊഴുക്കിയത്. ഇതിനെതിരെ ക്ഷേത്രം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അഞ്ചൽ പൊലീസിൽ പരാതി നൽകി. രണ്ടാഴ്ച മുമ്പ് ഇടമുളയ്ക്കൽ കൈപ്പള്ളി ജങ്ഷന് സമീപത്തുള്ള ഏലായിലും സമാനരീതിയിൽ രാത്രികാലത്ത് കക്കൂസ് മാലിന്യം ഒഴുക്കിയിരുന്നു. ഇതിെൻറ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.