വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിച്ചു
text_fieldsതകർക്കപ്പെട്ട കാർ
അഞ്ചൽ: പട്ടാപ്പകൽ വീട്ടിൽക്കയറി കാർ തകർത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു. അഞ്ചൽ നെടിയറ സജി വിലാസത്തിൽ സജീവിന്റെ ഭാര്യ വത്സലക്കാണ് (54) വെട്ടേറ്റത്. മുഖത്തും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവും മർദനവുമേറ്റ നിലയിൽ വത്സലയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇവരുടെ പരിസരവാസിയായ ബിനുവാണ് (മൊട്ട ബിനു -42) അതിക്രമം കാട്ടിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. പിക്-അപ്പ് ലോറിയിലെത്തിയ ബിനു വത്സലയുടെ വീടിന്റെ മുറ്റത്തുവെച്ചിരുന്ന ചെടിച്ചട്ടികൾ തകർത്തു. പോർച്ചിൽ കിടന്ന കാറിന്റെ ചില്ലുകൾ തകർക്കുന്ന ശബ്ദം കേട്ട് വീടിന്റെ പിന്നിൽനിന്നെത്തിയ വത്സലയെ വെട്ടുകയും പട്ടിക കഷണം കൊണ്ട് തല്ലുകയുമായിരുന്നത്രേ.
ബഹളംകേട്ട് പരിസരവാസികൾ എത്തിയപ്പോഴേക്കും ബിനു പിക്-അപ്പ് ലോറിയുമായി സ്ഥലംവിട്ടു. സാമ്പത്തിക ഇടപാടുകളാണ് ആക്രമണ കാരണമെന്ന് പറയയുന്നു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടിയെടുത്തു.

