കാറ്റും മഴയും ശക്തം; മരംവീണ് വീട് തകർന്നു
text_fieldsകാറ്റിലും മഴയിലും കരുകോണിൽ വീടിന് മുകളിലേക്ക് മരം വീണനിലയിൽ
അഞ്ചൽ: ശക്തമായ മഴയിലും കാറ്റിലും അലയമൺ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടം. മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ ഒടിഞ്ഞുവീണുമാണ് കൂടുതലും നാശനഷ്ടമുണ്ടായത്. കരുകോൺ കല്ലുകുന്നും പുറത്ത് നെല്ലിമൂട്ടിൽ നിസാമിന്റെ വീടിന് മുകളിലേക്ക് പുളിവാക മരം കടപുഴകി വീണു. വീടിന്റെ ജനാലകളും വാതിലും തകർന്നു. ഭിത്തികൾ വിണ്ടുകീറുകയും മേൽക്കൂരയും വീട്ടുപകരണങ്ങളും തകരുകയും ചെയ്തു. ശിഖരങ്ങൾ പതിച്ച് സമീപത്തെ കോഴി ഷെഡും തകർന്നു.
രണ്ട് ദിവസം മുമ്പുണ്ടായ ശക്തമായ കാറ്റിൽ കുട്ടിനാട് ഏലായിൽ കൃഷി ചെയ്തിരുന്ന ഇരുന്നൂറ്റി അമ്പതോളം ഏത്തവാഴകൾ ഒടിഞ്ഞു നശിക്കുകയുണ്ടായി. വൃക്ഷങ്ങൾ ഒടിഞ്ഞുവീണും മറ്റും വൈദ്യുതി കമ്പികൾ പൊട്ടിയതിനെത്തുടർന്ന് പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി.

