ബസിനുള്ളിൽ സമരം: കിടപ്പു രോഗിയെയും കുടുംബത്തെയും 'കുടിയൊഴിപ്പിച്ചു'
text_fields
ബസിൽ സമരം ചെയ്ത സോജിത്തിനെ കോടതി ഉത്തരവിനെത്തുടർന്ന് ബസിൽ നിന്ന് താഴെയിറക്കുന്നു
അഞ്ചൽ: ബസുടമ കടമായി വാങ്ങിയ 26 ലക്ഷം രൂപ മടക്കി നൽകാത്തതിനെത്തുടർന്ന് ബസിനുള്ളിൽ താമസമാക്കിയ കിടപ്പുരോഗിെയയും കുടുംബെത്തയും 'കുടിയൊഴിപ്പിച്ചു'. ബസ് ഉടമ ഹൈകോടതിയിൽ നിന്നു വാങ്ങിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് സമരക്കാരെ മാറ്റിയത്.
അഞ്ചൽ നെടിയറ സ്വദേശി സോജിത്ത്, ഭാര്യ ദേവി, ഇവരുടെ 14ഉം മൂന്നും പ്രായമുള്ള മക്കൾ എന്നിവരാണ് കഴിഞ്ഞ 12 ദിവസമായി രാപ്പകൽ ബസിനുള്ളിൽ കഴിഞ്ഞുകൂടിയത്. ബസ് ഡ്രൈവർ സോജിത്ത് വാഹനാപകടത്തെതുടർന്ന് ഒരു വശം തളർന്ന് കിടപ്പിലാണ്. രണ്ട് വർഷം മുമ്പാണ് വിളക്കുപാറ സ്വദേശിയും ബസ് ഓപറേറ്ററുമായ സുബൈർ സോജിത്തിൽ നിന്ന് ഒരു മാസത്തിനുള്ളിൽ മടക്കി നൽകാമെന്ന് പറഞ്ഞ് ഇരുപത്തി ആറ് ലക്ഷം രൂപ വാങ്ങിയത്. എന്നാൽ വർഷങ്ങൾ പലതു കഴിഞ്ഞിട്ടും പണം മടക്കി നൽകാൻ തയാറാകാത്തതിനെ തുടർന്നാണ് സുബൈറിന്റെ ഉടമസ്ഥതയിലുള്ള സർവിസ് ബസുകളിലൊന്നിൽ സോജിത്തും കുടുംബവും താമസമാരംഭിച്ചത്.
ഹൈകോടതി ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് സോജിത്തും കുടുംബവും ബസിൽ നിന്നിറങ്ങാൻ സന്നദ്ധത അറിയിച്ചതിനെത്തുടർന്ന് അഞ്ചൽ പൊലീസെത്തി ഇവരെ ബസിൽ നിന്നുമിറക്കി മറ്റൊരു വാഹനത്തിലാക്കി.
കോടതി ഉത്തരവ് മാനിക്കുന്നതായും പണം തിരികെ കിട്ടുന്നതു വരെ സമര പരിപാടി തുടരുമെന്നും മരുന്ന് വാങ്ങാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് തങ്ങളെന്നും സോജിത്ത് പറഞ്ഞു. സമരം തുടങ്ങിയതിന് പിന്നാലെ അഞ്ചൽ പൊലീസ് ഇടപെട്ട് ബസ് പൊലീസ് സ്റ്റേഷന് പരിസരത്തേക്ക് മാറ്റിയിരുന്നു. പൊലീസും മധ്യസ്ഥർ വഴിയും ഇരുകൂട്ടരുമായി നിരവധി ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും വിജയിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

