അഞ്ചലിൽ മധ്യവയസ്കന്റെ കൊലപാതകം: പ്രതി അറസ്റ്റിൽ
text_fieldsസുബൈർ
അഞ്ചൽ: ചന്തമുക്കിൽ വഴിയരികിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. വടമൺ തടത്തിവിള വീട്ടിൽ സുബൈറിനെ(48) പൊലീസ് അറസ്റ്റ് ചെയ്തു. പനയഞ്ചേരി വിനീതവിലാസത്തിൽ വിജയൻ പിള്ള (65 -മണിയൻ) യുടെ മൃതദേഹമാണ് 17ന് പുലർച്ച ചന്തയിലേക്കുള്ള ഇടവഴിയിൽ കണ്ടെത്തിയത്. മരണകാരണം തലക്ക് പിന്നിലേറ്റ ശക്തമായ ക്ഷതമെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്.
പൊലീസ് സർജൻ ഡോ. ദീപു സംഭവസ്ഥലത്ത് നേരിട്ടെത്തി പരിശോധനയും നടത്തി. തമിഴ്നാട് സ്വദേശിയുൾപ്പെടെ മൂന്നുപേരെ തൊട്ടടുത്ത ദിവസങ്ങളിൽ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. സംഭവ ദിവസം വിജയൻ പിള്ളയുമൊത്ത് മദ്യപിച്ചെന്നും തന്റെ മാതാവിനെപ്പറ്റി മോശമായി സംസാരിച്ചപ്പോൾ ചുടുകട്ടക്ക് വിജയൻ പിള്ളയുടെ തലയിൽ അടിച്ചെന്നും പിന്നീട് ചന്തയിലേക്ക് പോയെന്നും സുബൈർ പൊലീസിനോട് പറഞ്ഞു.
കാലിച്ചന്തയിലെ കന്നുകാലികൾക്ക് തീറ്റയും വെള്ളവും കൊടുക്കുന്ന തൊഴിലാണ് സുബൈറിന്റേത്. സി.സി.ടി.വി ദൃശ്യങ്ങൾ അടിസ്ഥാനത്തിലാണ് സുബൈറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ പുനലൂർ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

