കാട്ടുപന്നിയെ കൊന്ന് കാറിൽ കടത്താൻ ശ്രമം; അഭിഭാഷകൻ അറസ്റ്റിൽ
text_fieldsകാട്ടുപന്നിയെ കൊന്ന് കടത്തവേ പിടിയിലായ അഭിഭാഷകൻ അജിലാലും കാട്ടുപന്നിയുടെ ജഡവും വനപാലകരുടെകസ്റ്റഡിയിൽ
അഞ്ചൽ: പന്നിപ്പടക്കം വെച്ച് കൊലപ്പെടുത്തിയ കാട്ടുപന്നിയെ കാറിൽ കടത്തിക്കൊണ്ടുപോകവേ അഭിഭാഷകൻ വനപാലകരുടെ പിടിയിലായി. ഭാരതിപുരം അജീഷ് ഭവനിൽ അജിലാൽ (42) ആണ് അറസ്റ്റിലായത്. പുനലൂർ ബാറിലെ അഭിഭാഷകനാണ് അജിലാൽ.
അഞ്ചൽ വനപാലകർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചൊവ്വാഴ്ച രാത്രി ഒമ്പതോടെ അഞ്ചൽ കുളത്തൂപ്പുഴ റോഡിൽ മറവൻചിറ കമ്പകപ്പണയിൽ വനപാലകർ നടത്തിയ വാഹനപരിശോധനയിൽ കാറിന്റെ ഡിക്കിയിൽ തലതകർന്ന നിലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. തുടർന്ന് അജിലാലിനെയും കാറും വനപാലകർ കസ്റ്റഡിയിലെടുത്തു.
ഏഴംകുളം ഭാഗത്തെ വനമേഖലയിൽ പന്നിപ്പടക്കം ഉപയോഗിച്ചാണ് കാട്ടുപന്നിയെ കൊന്നതെന്ന് ചോദ്യം ചെയ്യലിൽ അജിലാൽ വെളിപ്പെടുത്തിയെന്ന് വനപാലകർ പറഞ്ഞു. സംഭവത്തിൽ കൂട്ടുപ്രതികളുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണ്.
ചത്ത പന്നിക്ക് നൂറ് കിലോയോളം തൂക്കമുണ്ട്. അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ അജികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.