കലേന്ദ്രനെ കാണാതായിട്ട് രണ്ടുവർഷം; ഇരുട്ടിൽതപ്പി പൊലീസ്
text_fieldsകലേന്ദ്രൻ (ഫയൽ ചിത്രം)
അഞ്ചൽ: ചണ്ണപ്പേട്ട വനത്തുംമുക്ക് മൂങ്ങോട് സ്വദേശി കലേന്ദ്രൻ (47) അപ്രത്യക്ഷമായി രണ്ടുവർഷം പൂർത്തിയായിട്ടും പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപണം. 2023 ഡിസംബർ 16നാണ് കലേന്ദ്രനെ കാണാതായത്. ദിവസങ്ങൾ കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ അഞ്ചൽ പൊലീസിൽ പരാതിനൽകി. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ കാണാതായതിന്റെ തലേദിവസം കലേന്ദ്രനും കൂട്ടുകാരും ചേർന്ന് സുഹൃത്തിന്റെ വീട്ടിൽ ഒത്തുകൂടി മദ്യപാനവും അടിപിടിയും നടന്നതായി വിവരം കിട്ടി.
സുഹൃത്തുക്കളെ പലതവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തുവെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് രണ്ടുദിവസം വനമേഖലയിൽ ഡ്രോൺ പറത്തി നിരീക്ഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതേത്തുടർന്ന് ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വനത്തിൽ നടത്തിയ പരിശോധനയിൽ ഉൾവനത്തിൽ നിന്നും തുണിക്കഷ്ണങ്ങൾ ലഭിച്ചെങ്കിലും ഇത് കാണാതായ കലേന്ദ്രന്റേതാണെന്ന് പൊലീസിന് സ്ഥിരീകരിക്കാനും കഴിഞ്ഞിട്ടില്ല.
കലേന്ദ്രനും സംഘവും ഒത്തുകൂടി മദ്യപാനം നടത്തിയതായി പറയപ്പെടുന്ന വീട്ടിന്റെ ഉടമയുൾപ്പെടെയുള്ള അഞ്ചുപേരെ വീണ്ടും പൊലീസ് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തുവെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചില്ല. ഇതേത്തുടർന്ന് വീട്ടുടമയുടെ ഭാര്യയും ബന്ധുക്കളും ചേർന്ന് പൊലീസ് കുറ്റം തങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതായും സത്യവാവസ്ഥ കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് അധികൃതർക്കും പരാതി നൽകി.
കലേന്ദ്രനെ കണ്ടെത്തുന്നതിനുള്ള ശ്രമം ഊർജിതമാക്കണമെന്നും രണ്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നും മനുഷ്യാവകാശ കമീഷനംഗം വി.ഗീത ജില്ല പൊലീസ് മേധാവിക്ക് ഒരുമാസം മുമ്പ് നിർദ്ദേശം നൽകിയിരുന്നു. കേസ് അന്വേഷിക്കുന്നതിന് സ്പെഷൽ ടീം രൂപവത്കരിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, അന്വേഷണം കാര്യക്ഷമമല്ലെന്നും യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ പോരാടുമെന്നും പരാതിക്കാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

