വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം; സ്കൂൾ താൽക്കാലികമായി അടച്ചു
text_fieldsമഞ്ഞപ്പിത്ത രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് താൽകാലികമായി അടച്ച ഇടമുളയ്ക്കൽ ഗവ.ജവഹർ ഹൈസ്കൂൾ
അഞ്ചൽ: വിദ്യാർഥികളിൽ കൂട്ടത്തോടെ മഞ്ഞപ്പിത്ത രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് സ്കൂളിന് അധികൃതർ അഞ്ച് ദിവസത്തേക്ക് അവധി നൽകി. ഇടമുളയ്ക്കൽ ഗവ.ജവഹർ ഹൈസ്കൂളിലെ പതിനേഴോളം കുട്ടികളിലാണ് രോഗലക്ഷണം കാണപ്പെട്ടത്. ഇവരെ അഞ്ചലിലെ വിവിധ ആശുപത്രികളിലും ഒരാളെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിലെത്തി പരിസരവും കിണർ, ശൗചാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തിയെങ്കിലും ഗുരുതരമായ വീഴ്ചകളൊന്നും കണ്ടെത്തിയിട്ടില്ല.
സ്കൂൾ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ചതിൽ ഫലം നെഗറ്റീവാണ്. ഓണക്കാലത്ത് ലഭിച്ച നിലവാരമില്ലാത്ത സിപ് അപ്, ഐസ് ക്രീം മുതലായവയിൽ നിന്നുമാകാം കുട്ടികളിൽ രോഗം പടരാൻ കാരണമായതെന്ന വിലയിരുത്തലാണ് ആരോഗ്യ വകുപ്പിന്റേത്. രോഗ ലക്ഷണം കണ്ട കുട്ടികളുടെ വീടുകളിലെത്തിയും ആരോഗ്യ വകുപ്പധികൃതർ ക്ലോറിനേഷൻ ഉൾപ്പെടെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നടത്തി.
വിദ്യാർഥികളിൽ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ കാണപ്പെട്ടതിനെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധികാരികളുടെ നിർദേശപ്രകാരം അഞ്ച് ദിവസത്തേക്ക് സ്കൂളിന് അവധി നൽകുകയും രോഗം പടരാതിരിക്കുന്നതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായും ഹെഡ്മാസ്റ്റർ ബിനുരാജ് പറഞ്ഞു. മഞ്ഞപ്പിത്തം പടരുന്നത് സ്കൂൾ കുട്ടികളിലൂടെയാണെന്നും സ്കൂളധികൃതരുടെ പിടിപ്പുകേടാണെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പ്രദേശത്തെ മുതിർന്നവരിലും മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുണ്ടെന്നും പി.ടി.എ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

