സുഹൃത്തിനെ വീട്ടിൽ കയറി ആക്രമിച്ചു; മൂന്ന് പേർ അറസ്റ്റിൽ
text_fieldsഅഞ്ചൽ: വെൽഡിങ് മെഷീൻ തിരികെ നൽകാത്തതിന്‍റെ പേരിൽ സുഹൃത്തിന്‍റെ വീട്ടിൽക്കയറി ബഹളമുണ്ടാക്കുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് യുവാക്കളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ സ്വദേശികളായ സജി വിലാസത്തിൽ സതീഷ് (28) ,പ്രശാന്ത് ഭവനിൽ പ്രദീപ് (30), ഉഷസിൽ സുധീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. വിളക്കുപാറ രഞ്ജിത് ഭവനിൽ രതീഷ് (31) നാണ് സുഹൃത്തുക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്.
ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. വെൽഡിങ് തൊഴിലാളികളും സുഹൃത്തുക്കളുമാണ് നാലുപേരും. സുധീഷിന്‍റെ പക്കൽ നിന്നു രതീഷ് വെൽഡിങ് മെഷീൻ വാങ്ങിക്കൊണ്ടുപോയിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെ തുടർന്ന് സുധീഷുമായി രതീഷ് വാക്കേറ്റമുണ്ടായി. പിന്നാലെ രതീഷിനെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തലക്കും വലത് കൈവിരലുകൾക്കും പരിക്കേറ്റ രതീഷിനെ ബന്ധുകൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തതിനെത്തുടർന്ന് ഒളിവിലായിരുന്ന മൂവരേയും കഴിഞ്ഞ ദിവസമാണ് വിളക്കുപാറയിൽ നിന്നു ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.