റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തിയില്ല: ഇ.എസ്.ഐ ഡിസ്പെൻസറിയിൽ തെളിവെടുപ്പ് നടത്തി
text_fieldsഅഞ്ചൽ: റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാക ഉയർത്താതിരിക്കുകയും ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർ ഒന്നടങ്കം ഡിസ്പെൻസറി പൂട്ടിയിട്ട് സഹപ്രവർത്തകയുടെ കല്യാണത്തിൽ സംബന്ധിക്കുവാനും പോയ സംഭവത്തിൽ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഡിസ്പെൻസറിയിലെത്തി പരിശോധന നടത്തി.
സീനിയർ ഡെപ്യൂട്ടി ഡയറക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് ഹാരിസൺ പെരേര, ദക്ഷിണമേഖലാ ഓഫീസിലെ സീനിയർ ക്ലാർക്ക് രാജീവ് എന്നിവരാണ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയത്. ആശുപത്രിയിലെ ആകെയുളള പതിനൊന്ന് ജീവനക്കാർക്കെതിരെയും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാവരും ഹാജർബുക്കിൽ കൃത്രിമം കാട്ടിയിട്ടുള്ളതായും നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവം വിവാദമായതിനെത്തുടർന്ന് ജില്ലാ കലക്ടറുടെ നിർദ്ദേശാനുസരണം പുനലൂർ ഡപ്യൂട്ടി തഹസീൽദാർ ആർ. ശ്രീകുമാർ, ഡിസ്പെൻസറിയുടെ ചുമതലയുള്ള ഡോ. ജിത എന്നിവർ തിങ്കളാഴ്ച തന്നെ സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. ഗുരുതരമായ ക്രമക്കേടുകളാണ് പ്രാഥമിക അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്. വിശദമായ പരിശോധനക്കും തെളിവെടുപ്പിനുമായി ഉന്നത ഉദ്യോഗസ്ഥർ വീണ്ടുമെത്തുമെന്നും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

