താലൂക്ക് ആശുപത്രിക്ക് അപമാനമായി പൊളിഞ്ഞ റോഡ്
text_fieldsതകർന്നുകിടക്കുന്ന പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്കുള്ള റോഡ്
പുനലൂർ: 92 കോടി ചെലവിൽ അത്യാധുനിക സൗകര്യങ്ങളുള്ള പത്ത് നിലയിലുള്ള പുനലൂർ താലൂക്ക് ആശുപത്രിക്ക് അപമാനമായി മോർച്ചറിയിലേക്കുള്ള പൊളിഞ്ഞ റോഡ്. പുതിയ ബഹുനില മന്ദിരം 2021 ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ, പ്രധാനപ്പെട്ട ഈ റോഡ് നിർമാണത്തിന് കരാർ നൽകി മാസങ്ങൾ കഴിഞ്ഞിട്ടും കിഫ്ബിയുടെ അന്തിമ അനുമതി ലഭിക്കാത്തതാണ് നിർമാണം വൈകിക്കുന്നത്.
പൊളിഞ്ഞ റോഡിലൂടെ മൃതദേഹങ്ങളുമായി ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത നിലയിലാണ്. പേ വാർഡിനോട് ചേർന്ന് 50 മീറ്റർ താഴെ ദൂരമുള്ള ഈ റോഡ് അറ്റകുറ്റപ്പണി ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.മോർച്ചറി കൂടാതെ മാനസികരോഗ വിഭാഗം, ലഹരി വിമോചന കേന്ദ്രം, റീജനൽ ചൈൽഡ് െഡവലപ്മെന്റ് സെന്റർ, ബ്ലഡ് ബാങ്ക്, ഓക്സിജൻ പ്ലാൻറ് തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലേക്കും ഇതുവഴിയാണ് വാഹനങ്ങൾ പോകേണ്ടത്. ഇറക്കത്തിലുള്ള റോഡ് പൊളിഞ്ഞ് പാറ തള്ളിയും വലിയ കുഴികളും ഉണ്ടായതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ അടിഭാഗം തട്ടി കേടുപാടുകൾ നേരിടുന്നു. ഇത് മറ്റ് അപകടങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
എന്നാൽ, ഈ റോഡ് ഉൾപ്പെടെ ആശുപത്രി വളപ്പിലെ മറ്റു നിർമാണപ്രവർത്തനങ്ങളും നടത്താൻ ഒന്നരക്കോടി രൂപയുടെ കരാർ കഴിഞ്ഞ േമയിൽ നൽകിയതായി സൂപ്രണ്ട് ഡോ. ആർ. ഷാഹിർഷ പറഞ്ഞു.
ആശുപത്രി കെട്ടിട നിർമാണത്തിന് കിഫ്ബി അനുവദിച്ച് ചെലവിട്ട തുകയിൽ നിന്ന് കരുതലായി മാറ്റിയ തുകയാണിത്. അതിനാൽ കിഫ്ബിയുടെ അനുമതി ലഭിച്ചാൽ മാത്രമേ നിർമാണം നടത്താൻ കഴിയൂവെന്നും സൂചിപ്പിച്ചു.