അഞ്ചൽ ബൈപാസ്: രാത്രിയാത്രയും അമിതവേഗവും; അപകടസാധ്യതയേറി
text_fieldsഅഞ്ചൽ ബൈപാസ്
അഞ്ചൽ: നിർമാണം പൂർത്തിയാകാത്ത അഞ്ചൽ ബൈപാസിലൂടെയുള്ള രാത്രിയാത്രയും അമിതവേഗവും അപകടസാധ്യത വർധിപ്പിക്കുന്നു. പാതയിൽ അപകടങ്ങൾ നിത്യസംഭവമായി മാറി. വേഗം നിയന്ത്രിക്കുന്നതിന് ഒരുക്കിയിട്ടുള്ള താൽക്കാലിക സംവിധാനങ്ങൾ അപകടം കുറക്കുന്നതിന് പര്യാപ്തമാകുന്നില്ല.
വഴിവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ കൂരിരുട്ടാണ് പാതയിലുടനീളം. സൈൻ ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല. പാതയിൽ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകില്ലെന്ന് കരുതി മദ്യപിച്ച് വാഹനമോടിക്കുന്നവരും ഏറെയാണ്. കഴിഞ്ഞ ദിവസം റോഡരികിൽ കിടന്നുറങ്ങിയ ആൾ റോഡ് റോളർ കയറി മരിച്ച സംഭവമുണ്ടായി.
വെളിച്ചമില്ലാതിരുന്നതിനാലാണ് ഡ്രൈവർക്ക് റോഡിൽ കിടന്ന ആളെ കാണാൻ പറ്റാതെ വന്നതത്രേ. ഏതാനും ദിവസം മുമ്പ് റോഡരികിലെ കൈവരിയും നടപ്പാതയും വൈദ്യുത പോസ്റ്റും തകർത്ത കാറപകടവുമുണ്ടായി. ഇത്തരത്തിലുള്ള നിരവധി അപകടങ്ങളാണ് അടുത്ത കാലത്തായി ഇവിടെ നടന്നിട്ടുള്ളത്. അഞ്ചൽ പൊലീസിന്റെയും പൊതുമരാമത്ത് അധികൃതരുടെയും ഇടപെടൽ വിഷയത്തിൽ ഉണ്ടാകണമെന്നാണ് ആവശ്യം.