കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന്
text_fieldsഅഞ്ചൽ: ഓയിൽപാം കമ്പനിയുടെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തി ചോദ്യംചെയ്തതിന് കള്ളക്കേസിൽ കുടുക്കുന്നതായി ആക്ഷേപം. ഫാക്ടറി തൊഴിലാളികളായ എസ്. പ്രതീഷ്, ഏരൂർ അനിൽ, എസ്. ഷൈജു മോൻ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്.
ഓയിൽ പാം കമ്പനിയുടെ ഭാരതീപുരം ഓഫിസിലെ ഡ്രൈവർ ഒൗദ്യോഗിക വാഹനം സംസ്ഥാനത്തിനകത്തും പുറത്തും കൊണ്ടുപോയി സ്വകാര്യ ആവശ്യത്തിനായി വീട്ടുസാധനങ്ങളുൾപ്പെടെ നികുതി വെട്ടിച്ച് കൊണ്ടുവരുന്നതായി ഇവർ ആരോപിച്ചു. ഇതിനെതിരെ പ്രതികരിച്ചതിന് പ്രതീഷിനെതിരെ ഏരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രാത്രിയിൽ വീടുകയറി അക്രമം നടത്തിയതായും സ്ഥലത്തില്ലാത്ത ഭാര്യയെ മർദിച്ചതായും കാണിച്ചാണ് കമ്പനി ഡ്രൈവർ പരാതി നൽകിയിരിക്കുന്നത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഓയിൽപാം കമ്പനിയിൽ നടക്കുന്ന വെട്ടിപ്പുകൾ കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും അവർ അറിയിച്ചു.

