മോഷണക്കേസിൽ പ്രതി പിടിയിൽ
text_fieldsഅഞ്ചൽ: വീടുകൾ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും അപഹരിച്ച കേസിൽ ഒരാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശി വിനായകനാണ് (വഹാബ് -62) അറസ്റ്റിലായത്. കഴിഞ്ഞവർഷം നവംബർ 12ന് രാത്രിയിൽ ഇടയം രാധാസ് മന്ദിരത്തിൽ ഭാരതിയമ്മയുടെ വീടിന്‍റെ ജനാല കുത്തിത്തുറന്ന് മേശപ്പുറത്തിരുന്ന ആറ് പവൻ സ്വർണമാലയും 13,000 രൂപയും കഴിഞ്ഞ മാസം ഏഴിന് അസുരമംഗലം മറ്റപ്പള്ളിൽ പുത്തൻവീട്ടിൽ വീട്ടിൽനിന്ന് രണ്ട് പവൻ തൂക്കം വരുന്ന പാദസരങ്ങളും 15000 രൂപയും അപഹരിക്കപ്പെട്ട കേസിലാണ് വിനായകൻ അറസ്റ്റിലായത്. ഇയാൾ തിരുവനന്തപുരം കഴക്കൂട്ടത്ത് ലോഡ്ജിൽ താമസിക്കുന്ന വിവരം ലഭിച്ചതോടെയാണ് ഇയാൾ വലയിലായത്. മോഷ്ടിച്ച സ്വർണം തിരുവനന്തപുരത്തെ ഒരു സ്വർണക്കടയിൽനിന്ന് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ മോഷണം നടന്ന വീടുകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കോട്ടയം, കൊല്ലം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പതിനേഴ് മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്നും അഞ്ചൽ സ്റ്റേഷൻ പരിധിയിൽ രണ്ട് കേസുകളാണുള്ളതെന്നും പൊലീസ് പറഞ്ഞു. പുനലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അഞ്ചൽ ഇൻസ്പെക്ടർ കെ.ജി. ഗോപകുമാർ, എസ്.ഐമാരായ പ്രജീഷ് കുമാർ, എ. നിസാർ, എ.എസ്.ഐ അജിത് ലാൽ, എസ്.സി.പി.ഒ വിനോദ് , സി.പി.ഒമാരായ ദീപു, സംഗീത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

