അമൃതകുളം പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ രണ്ടാഴ്ചക്കകം തുറക്കും
text_fieldsജില്ല വികസന സമിതി യോഗത്തിൽ വിഷ്ണു മോഹൻ എം.എൽ.എ സംസാരിക്കുന്നു
കൊല്ലം: ഒരു വര്‍ഷത്തിലധികമായി അടഞ്ഞുകിടക്കുന്ന അമൃതകുളം ട്രൈബല്‍ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ രണ്ടാഴ്ചയ്ക്കകം തുറന്ന് പ്രവര്‍ത്തിക്കാൻ തീരുമാനം. ഹോസ്റ്റലിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചെന്നും പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കലക്ടര്‍ ആനി ജൂല തോമസ് ജില്ല വികസന സമിതിയോഗത്തില്‍ അറിയിച്ചു. എത്രയുംപെട്ടെന്ന് തുറന്ന് കൊടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് വിഷ്ണുമോഹന് എം.എല്‍.എ യോഗത്തിൽ ആവശ്യമുയർത്തിയതിന് മറുപടിയായാണ് കലക്ടർ ഇക്കാര്യം അറിയിച്ചത്. ട്രൈബല്‍ വിദ്യാര്‍ഥികളെ താത്കാലികമായി എസ്.സി വിഭാഗക്കാര്‍ക്കായുള്ള ഹോസ്റ്റലിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഹോസ്റ്റൽ തുറക്കുന്നതോടെ ഈ സ്ഥിതിക്ക് പരിഹാരമാകും.
ദേശീയപാതയിൽ കൊല്ലം ബൈപാസ് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തെങ്കിലും കല്ലുംതാഴത്ത് കെ.എസ്.ആര്.ടി.സി ബസുകള്‍ക്ക് സ്റ്റോപ്പില്ലാത്തത് നാട്ടുകാര്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി എം.എൽ.എ ചൂണ്ടിക്കാട്ടി. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ആര്.ടി.ഒ, ദേശീയപാത അധികൃതര്‍, ട്രാഫിക് പൊലീസ്, കെ.എസ്.ആര്.ടി.സി അധികൃതര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു.
പള്ളിമുക്കില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ബസ് സ്റ്റോപ്പ് 10 മീറ്റര്‍ മുന്നോട്ട് സ്ഥാപിക്കുക, സാങ്കേതിക പിഴവ് പരിഹരിച്ച് ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ആധാര്‍ അടക്കമുള്ള രേഖകള്‍ തരപ്പെടുത്തി അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും വിഷ്ണുമോഹൻ എം.എല്‍.എ ഉന്നയിച്ചു. തിങ്കള്‍ക്കരിക്കം, ആര്യന്‍കാവ് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കി മാറ്റുന്നതിന് ഫോറസ്റ്റ് വകുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ക്കണമെന്ന് സി. അജയപ്രസാദ് എം.എല്‍.എ ആവശ്യപ്പെട്ടു.
ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കൊല്ലം കെ.എസ്.ആര്.ടി സി ഓഫീസ് താത്കാലികമായി ആശ്രാമം വ്യാവസായിക കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മന്ത്രി ബിന്ദുകൃഷ്ണയുടെ പ്രതിനിധി തൃദീപ് കുമാര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തനം നിലച്ച പാര്‍വതി മില്ലിന്റെ 16 ഏക്കര്‍ സ്ഥലം കൊല്ലം മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കുന്നതിനായി ഉപയോഗപ്പെടുത്തണം, ലിങ്ക് റോഡിലെ മാലിന്യ നിര്‍മാര്‍ജനം കൂടുതല്‍ കാര്യക്ഷമമാക്കുക, കടപ്പാക്കടയില്‍ അങ്കണവാടിക്കായി വാങ്ങിയ സ്ഥലത്തിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് നിര്‍മാണം ആരംഭിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഓച്ചിറ മുതല്‍ കാവനാട് വരെയുള്ള ദേശീയപാതയുടെ നിര്‍മാണം മന്ദഗതിയിലാണെന്നും യാത്രക്കാര്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി ഷിബു ബേബിജോണിന്റെ പ്രതിനിധി വാഴയില്‍ അസീസ് പറഞ്ഞു. ചവറ ഫയര്സ്റ്റേഷന് വിപുലപ്പെടുത്തുന്നതിന് കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാവണം, ചവറ, പന്മന, വടക്കുംതല ഭാഗത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നടപടിയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണനല്ലൂര്‍ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി റോഡ് വീതികൂട്ടല്‍ നടപടി ത്വരിതപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.സി. വിഷ്ണുനാഥ് എം.എല്‍.എയുടെ പ്രതിനിധി കെ. ബാബുരാജ് ആവശ്യപ്പെട്ടു.
കൊട്ടാരക്കര എം.സി റോഡില്‍ വര്‍ധിച്ചു വരുന്ന റോഡ് അപകടങ്ങള്‍ കുറക്കാന്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും സംയുക്തമായി കര്‍മപദ്ധതി നടപ്പാക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എബ്രഹാം സാമുവേല്‍ ആവശ്യപ്പെട്ടു. കേന്ദ്രഫണ്ട് ഉപയോഗപ്പെടുത്തി കൊല്ലം ചെങ്കോട്ട റോഡ് വികസനം എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രേമചന്ദ്രന് എം.പിയുടെ പ്രതിനിധി കെ.എസ്. വേണുഗോപാല്‍ ആവശ്യപ്പെട്ടു.
കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ ഒഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിലേക്ക് കാന്‍സര്‍ രജിസ്ട്രേഷന് സെന്റര്‍ മാറ്റിസ്ഥാപിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി എം. ഇബ്രാഹിംകുട്ടി ആവശ്യപ്പെട്ടു. പത്തനാപുരം താലൂക്ക് ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ നിലനിര്‍ത്തുക, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക, തെരുവ് നായശല്യം അവസാനിപ്പിക്കാന്‍ തദ്ദേശസ്ഥാപന മേധാവികള്‍ ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ വിവിധ എം.എല്‍.എമാരുടെ പ്രതിനിധികള്‍ സമിതിയില്‍ ഉന്നയിച്ചു. കലക്ടര്‍ ആനി ജൂല തോമസ് അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫീസര്‍ ജി. ഉല്ലാസ്, എ.ഡി.എം സജീദ്, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

