തടാകതീരത്തെ നിർമാണ പ്രവർത്തനം ഗുണകരമല്ലെന്ന് ആരോപണം
text_fieldsതടാകതീരത്ത് നടക്കുന്ന നിർമാണ പ്രവർത്തനം
ശാസ്താംകോട്ട: തടാക സംരക്ഷണ പ്രവർത്തനത്തിന് ജലസേചന വകുപ്പ് അനുവദിച്ച ഒരുകോടി രൂപയുടെ പദ്ധതി പ്രവർത്തനം തടാകത്തിന് ഗുണകരമല്ലെന്ന് പരാതി. ശാസ്താംകോട്ട തടാകത്തിലേക്ക് മഴക്കാലത്ത് മണ്ണൊലിപ്പ് തടയുന്നതിന് പാറ അടുക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. മേജർ ഇറിഗേഷനാണ് പദ്ധതി പ്രവർത്തനത്തിന്റെ മേൽനോട്ടം.
തടാകത്തിന്റെചുറ്റും പല ഭാഗങ്ങളിലും ചെങ്കുത്തായ ഇറക്കവും മണ്ണൊലിക്കുന്ന പ്രദേശങ്ങളും ഉണ്ട്. എന്നാൽ ആ ഭാഗങ്ങൾ ഒഴിവാക്കിയാണ് ഇപ്പോൾ പാറ അടുക്കുന്നത്. ശാസ്താംകോട്ട ഡി.ബി കോളജിന്റെ തെക്കുവശത്ത് മനോഹരമായ മുട്ടക്കുന്ന് ജെ.സി.ബി ഉപയോഗിച്ച് നിരത്തി കുഴിയെടുത്ത് കായലിന്റെ വൃഷ്ടിപ്രദേശത്തുനിന്നും 50 മീറ്റർ മുകളിലായിട്ടാണ് ഈ പ്രവൃത്തി നടത്തുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യാതൊരു ദീർഘവീക്ഷണവും ശാസ്ത്രീയതയും ഇല്ലാതെയാണ് ഈ പ്രവർത്തനം നടത്തുന്നതെന്നാണ് പരാതി. ലോഡ് കണക്കിന് പാറകളുമായെത്തിയ വാഹനങ്ങൾ കയറി സമീപത്തെ കോൺക്രീറ്റ് റോഡ് തകർന്നു. തടാക സംരക്ഷണ പ്രവർത്തനത്തിന്റെ പേരിൽ വിവിധ വകുപ്പുകൾ കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ഇപ്പോൾ അനുവദിക്കപ്പെട്ട ഒരുകോടി രൂപ ഉപയോഗിച്ച് തടാകത്തിന്റെ തീരത്ത് സംരക്ഷണ ഭിത്തി പാറ ഉപയോഗിച്ച് നിർമിച്ചിരുന്നെങ്കിൽ മണ്ണൊലിപ്പ് തടയുന്നതിനും ദീർഘദൂരത്തിൽ സംരക്ഷണ പ്രവർത്തനത്തിന് പ്രയോജനപ്പെടുകയും ചെയ്യുമായിരുന്നു.
പ്രദേശവാസികളോടോ തടാക സംരക്ഷണ പ്രവർത്തകരോടൊ ആശയവിനിമയം നടത്താതെ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ കോടിക്കണക്കിന് രൂപ ഫലമില്ലാതാകുന്നതിന് ഇടയാക്കും. പദ്ധതി പ്രവർത്തനം നിർത്തിവെക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ടു നമ്മുടെ കായൽ കൂട്ടായ്മ കൺവീനർ എസ്. ദിലീപ് കുമാർ മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രിക്കും പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

