എസ്.എസ്.എല്‍.സി പരീക്ഷ: ഒരുക്കം പൂർണം
text_fieldsകൊല്ലം: ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷ എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ച് നടത്തുമെന്ന് കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെ 10 ദിവസങ്ങളിലായാണ് പരീക്ഷകള്‍. രാവിലെ 9.30 ന് ആരംഭിച്ച് 11.15 നും 12.15 നും അവസാനിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഉച്ചയ്ക്ക് ശേഷമാണ് നടത്തുന്നത്.
ജില്ലയില്‍ മൂന്ന് വിദ്യാഭ്യാസ ഉപജില്ലകളിലായി 230 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ചോദ്യപേപ്പറുകള്‍ ജില്ല വിദ്യാഭ്യാസ ഓഫിസ് തല സ്റ്റോറേജ് കേന്ദ്രങ്ങളില്‍ പൊലീസ് സുരക്ഷയോടെയാണ് സൂക്ഷിക്കുക. കൊല്ലം- ക്രിസ്തുരാജ് എച്ച്.എസ്, കൊട്ടാരക്കര- എം.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ്, പുനലൂര്‍- ജില്ല വിദ്യാഭ്യാസ ഓഫിസ് എന്നിവിടങ്ങളാണ് സ്റ്റോറേജ് കേന്ദ്രങ്ങള്‍. പരീക്ഷക്ക് ശേഷം ബാക്കി വരുന്ന ചോദ്യപേപ്പറുകളും ഇവിടെ സൂക്ഷിക്കും.
ചോദ്യപേപ്പറുകളുടെ തരംതിരിക്കൽ 28ന് അവസാനിക്കും. തുടര്‍ന്ന് ബന്ധപ്പെട്ട ബാങ്കുകളിലേക്കും ട്രഷറികളിലേക്കും മാറ്റും. ഉത്തര കടലാസുകള്‍ അയക്കേണ്ടതിനാൽ ഹെഡ് പോസ്റ്റ് ഓഫിസുകളില്‍ പരീക്ഷാ ദിവസങ്ങളില്‍ അധികസമയം ലഭ്യമാക്കുന്നതിന് പോസ്റ്റ് ഓഫിസ് അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
ഈ വര്‍ഷം ജില്ലയില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് വിമല ഹൃദയ സ്കൂളിലാണ് - 658 പേര്. കുറവ് ജി.എച്ച്.എസ് വലിയകാവ്, ജി.എച്ച്.എസ് കൂവക്കാട്, എന്‍.എസ്.എസ് പേരയം സ്കൂളുകളിലാണ്- നാല് പേര് വീതം. 2252 ഇന്‍വിജിലേറ്റര്‍മാരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

